നിയമങ്ങൾ മാറുന്നു..!, പൗരത്വം ഉദാരമാക്കി കാനഡ; ഇന്ത്യൻ പ്രവാസികൾക്ക് ഗുണകരം
text_fieldsഒട്ടാവ: പൗരത്വ നിയമങ്ങളിൽ നവീകരണവുമായി കാനഡ. പ്രവാസികൾക്ക് ഗുണകരമാകുംവിധം വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിലാണ് പരിഷ്കരണം കൊണ്ടുവന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾ, മുൻ നിയമങ്ങളാൽ ഒഴിവാക്കപ്പെട്ട ആളുകൾ എന്നിവർക്ക് പൗരത്വം നൽകുന്ന പുതിയ ബില്ലിന് (ബിൽ സി-3) ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ, ഇന്ത്യക്കാരുൾപ്പെടെ കുടിയേറ്റക്കാരായ ഒട്ടേറെ പേരുടെ പൗരത്വ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
നിലവിലെ നിയമ പ്രകാരം, കാനഡക്ക് പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ വ്യക്തികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരാകണമായിരുന്നു. എന്നാൽ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. ഈ നിയമം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വിദേശത്ത് ജനിച്ച കനേഡിയൻ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച കുട്ടികൾക്ക് സ്വമേധയാ പൗരത്വം ലഭിക്കില്ലായിരുന്നു. നിയമത്തിലെ ഈ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് രണ്ടുവർഷം മുമ്പ്, വിവിധ കോടതികൾ നിരീക്ഷിച്ചിരുന്നു. തുടർന്നാണ്, നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ നിയമങ്ങൾമൂലം പൗരത്വം ലഭിക്കാതെ പോയവർക്ക് ബിൽ സി-3 പ്രകാരം പൗരത്വം ലഭിക്കും. യു.എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഈ നിയമമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

