ലോകം ഫലസ്തീനൊപ്പം; രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ആസ്ട്രേലിയയും യു.കെയും ഫ്രാൻസും
text_fieldsഗസ്സ സിറ്റി: ലോക മനഃസാക്ഷിയെ ഞെട്ടിച്ച് ഗസ്സയിൽ ഇസ്രായേൽ അധിനിവേശവും കൂട്ടക്കുരുതിയും തുടരുന്നതിനിടെ, ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി കൂടുതൽ രാജ്യങ്ങൾ. ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പോംവഴി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.എൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത്.
ഫ്രാൻസും സൗദി അറേബ്യയും ചേർന്നുള്ള നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് ഞായറാഴ്ച യു.എൻ പൊതുസഭ ചേർന്നത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചു.
നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളും യൂറോപിൽ ചില കിഴക്കൻ മേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇത് യൂറോപ്പിലും വ്യാപകമായി അംഗീകാരം നേടുന്നത് ഇസ്രായേലിനും പിന്തുണക്കുന്ന അമേരിക്ക അടക്കം രാജ്യങ്ങൾക്കും മേൽ സമ്മർദം ഇരട്ടിയാക്കും.
2012ൽ ആണ് ഫലസ്തീന് യു.എന്നിൽ അംഗമല്ലാത്ത നിരീക്ഷക പദവി ലഭിക്കുന്നത്. അതിനു മുമ്പുതന്നെ നിരവധി രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ആഗോള സമൂഹത്തിന്റെ കടുത്ത എതിർപ്പുകൾക്ക് ചെവികൊടുക്കാതെ, നിരുപാധിക യു.എസ് പിന്തുണയുടെ ബലത്തിൽ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയാണ് അടുത്തിടെ ഫലസ്തീന് രാഷ്ട്രപദവി നൽകുന്ന രാജ്യങ്ങളുടെ എണ്ണം ഉയർത്തുന്നത്.
145 ൽ ഏറെ രാജ്യങ്ങൾ നേരത്തേ അംഗീകാരം നൽകിയ രാഷ്ട്ര പദവി ഫലസ്തീന് സഹായമെത്തിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വേഗം നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം, അംഗീകാരത്തിനൊപ്പം ഇസ്രായേലിനെതിരെ ബഹിഷ്‍കരണവും ഉപരോധവുമടക്കം തുടർനടപടികളുമുണ്ടായാൽ മാത്രമേ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കൂ എന്ന് ഫലസ്തീനികൾ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസം, യൂറോപ്യൻ യൂനിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് ഇസ്രായേലി ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിക്കുന്നതും കൈയേറ്റക്കാർക്ക് ഉപരോധമേർപ്പെടുത്തുന്നതുമടക്കം നടപടികൾ ശിപാർശ ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായി വിവിധ രാജ്യങ്ങൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, രാജ്യങ്ങളുടെ നടപടികളെ യു.എസും ഇസ്രായേലും ശക്തമായി എതിർക്കുന്നു. അതേസമയം, മണിക്കൂറുകൾക്കിടെ 46 പേരുടെ മരണമാണ് ഗസ്സയിൽ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

