എഐ നയം പ്രഖ്യാപിച്ച് കാനഡ
text_fieldsഒട്ടാവ:രാജ്യം വരും ദശകത്തിൽ പുതിയ സാങ്കേതികവിദ്യകളെ എങ്ങനെ സ്വീകരിക്കണം എന്ന് വ്യക്തമാക്കുന്ന സമഗ്രമായ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നയം പുറത്തിറക്കി കാനഡ. തൊഴിൽ സുരക്ഷ, സ്വകാര്യത, വ്യക്തിവിവരങ്ങളുടെ സുരക്ഷിതത്വം എന്നിവയിൽ കനേഡിയൻ ജനത ആശങ്കാകുലരായിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സുപ്രധാന നീക്കം.
എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് അനിവാര്യമാണെന്ന് വാർത്താ സമ്മേളനത്തിൽ പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. തൊഴിൽ, പഠനം, പരസ്പര സമ്പർക്കം എന്നിവയിൽ ഇതിനകം തന്നെ എഐ വലിയ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കിടയിൽ എഐ സാക്ഷരത വളർത്തുന്നതിനും ബിസിനസ്, ഭരണ മേഖലകളിൽ എഐ ഉപയോഗം വ്യാപിപ്പിക്കുന്നതിനുമായി രണ്ട് ബില്യൺ കനേഡിയൻ ഡോളറിലധികം തുകയുടെ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എഐ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെയും കമ്പനികളെയും ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് കാനഡയുടെ പ്രധാന ലക്ഷ്യം. ഇതിനായി കനേഡിയൻ ഗവേഷകർക്കും ബിസിനസുകൾക്കുമായി ആഗോള നിലവാരമുള്ള പൊതു സൂപ്പർ കമ്പ്യൂട്ടറും വലിയ തോതിലുള്ള എഐ ഡാറ്റാ സെന്ററുകളും സ്ഥാപിക്കും. കൂടാതെ, കാനഡയിലെ പ്രമുഖ എഐ വിദഗ്ധർ മികച്ച അവസരങ്ങൾ തേടി അമേരിക്കയിലേക്ക് ചേക്കേറുന്നത് തടയാൻ സർവകലാശാലകളിൽ ഗവേഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഒപ്പം വിദേശത്തുനിന്നുള്ള എഐ വിദഗ്ധരെ ആകർഷിക്കാൻ വേഗത്തിലുള്ള സ്ഥിരതാമസ സൗകര്യമൊരുക്കും. സ്വദേശി എഐ കമ്പനികൾക്കായി 500 മില്യൺ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യ വഴി 2,50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ, ആരോഗ്യമേഖലയിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഡോക്ടർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനുമായി എഐ ഡയഗ്നോസ്റ്റിക്സ് വികസിപ്പിക്കാൻ 200 മില്യൺ ഡോളർ നീക്കിവെച്ചു.
കാനഡക്കാരിൽ പകുതിയോളം പേരും എഐയെ ഒരു ഭീഷണിയായി കാണുന്ന സാഹചര്യത്തിൽ, പൊതു ലൈബ്രറികളുമായി സഹകരിച്ച് എല്ലാ പൗരന്മാർക്കും അടിസ്ഥാന എഐ പരിശീലനം നൽകും.എന്നാൽ, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള കടന്നുവരവ് മൂലം നഷ്ടപ്പെടാനിടയുള്ള തൊഴിലുകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ നയരേഖയിലില്ല. ഉപഭോക്തൃ സ്വകാര്യതയും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ പ്രഖ്യാപിച്ചെങ്കിലും, അവ എപ്പോൾ, എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, നയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അവ്യക്തതയെ കൺസർവേറ്റീവ് പ്രതിപക്ഷം കടുത്ത ഭാഷയിൽ വിമർശിച്ചു. എഐ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് സർക്കാർ കൂടുതൽ സുതാര്യത പുലർത്തണമെന്ന് പ്രതിപക്ഷ എംപി മെലിസ ലാന്റ്സ്മാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

