കംബോഡിയ -തായ്ലൻഡ് സംഘർഷം; 80,000 പേർ അഭയാർഥികളായി
text_fieldsസുറിൻ (തായ്ലൻഡ്): കംബോഡിയ- തായ്ലൻഡ് സംഘർഷത്തെ തുടർന്ന് ഇരു രാഷ്ട്രങ്ങളിലെയും അതിർത്തി പ്രദേശങ്ങളിൽനിന്ന് പതിനായിരങ്ങൾ വീടൊഴിഞ്ഞ് അഭയാർഥികളായി. തായ്ലൻഡിൽ 58000ത്തിലധികം പേർ അഭയകേന്ദ്രങ്ങളിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000ത്തിലധികം പേരെ ഒഴിപ്പിച്ചതായാണ് കംബോഡിയയുടെ ഔദ്യോഗിക പ്രതികരണം. തായ്ലൻഡിൽ ഒരു സൈനികൻ ഉൾപ്പെടെ 14 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിലധികം പേർക്ക് പരിക്കേറ്റു.
തായ്ലൻഡിൽ 19ഉം കംബോഡിയയിൽ 13ഉം പേർ കൊല്ലപ്പെട്ടു. മേയ് മാസത്തിൽ വെടിവെപ്പിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതുമുതൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. ബുധനാഴ്ച അഞ്ച് തായ് സൈനികർക്ക് അതിർത്തിയിലെ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതാണ് ഇപ്പോഴത്തെ വ്യാപനത്തിലേക്ക് നയിച്ചത്. എതിർപക്ഷമാണ് ആദ്യം വെടിയുതിർത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.
ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ അതിർത്തി അടക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിച്ച് സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് മൂന്നുദിവസമായി വെടിവെപ്പ് നടക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ 80 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. അതിനിടെ സംഘർഷം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച രാത്രി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. രണ്ടു രാജ്യങ്ങളും ഉൾപ്പെടുന്ന 10 രാഷ്ട്ര ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷതവഹിക്കുന്ന മലേഷ്യ മധ്യസ്ഥതവഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

