യുദ്ധം നിർത്താൻ ഇന്ത്യയടക്കമുള്ളവർ റഷ്യയോട് ആവശ്യപ്പെടണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി
text_fieldsകിയവ്: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയോട് അഭ്യർത്ഥിക്കണമെന്ന് യുക്രെയ്ൻ. റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു.
റഷ്യ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച കുലേബ, വിദേശ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വെടിവയ്പ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ടു. 30 വർഷമായി ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ യുക്രെയ്നിലേക്ക് സ്വാഗതം ചെയ്യുന്നു. അവരുടെ ഒഴിപ്പിക്കൽ സുഗമമാക്കുന്നതിന് യുക്രെയ്ൻ സർക്കാർ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എംബസികളുമായി ചേർന്ന് മികച്ച പ്രവർത്തനമാണ് തങ്ങൾ നടത്തുന്നത്.
യുക്രെയ്നിലെ വിദേശ പൗരന്മാരുടെ രാജ്യങ്ങളുടെ സഹതാപം നേടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. വിദേശ വിദ്യാർഥികളുടെ വിഷയത്തിൽ കൃത്രിമം കാണിക്കുന്നത് റഷ്യ അവസാനിപ്പിച്ചാൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കും. വെടി നിർത്താനും സാധാരണക്കാരെ പോകാൻ അനുവദിക്കാനും റഷ്യയോട് അഭ്യർത്ഥിക്കാൻ ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയുമായി പ്രത്യേക ബന്ധം പുലർത്തുന്ന ഇന്ത്യയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളും ഈ യുദ്ധം എല്ലാവരുടെയും താൽപ്പര്യത്തിനെതിരാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ അറിയിക്കണമെന്ന് കുലേബ അഭ്യർത്ഥിച്ചു.
യുക്രെയ്നിലെ കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യയെന്നും നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുകയാണെങ്കിൽ പുതിയ വിളവുകൾ വിതയ്ക്കുന്നത് രാജ്യത്തിന് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

