ലോസ് ആഞ്ജലസ് കാട്ടുതീ; മരണം 24 ആയി
text_fieldsലോസ് ആഞ്ജലസ്: യു.എസിലെ ലോസ് ആഞ്ജൽസിൽ നാശം വിതച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. സാന്റാ അന കാറ്റ് തിങ്കളാഴ്ച മുതൽ ശക്തമാകുമെന്നതിനാൽ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറിൽ 112 കിലോമീറ്റർവരെ വേഗമുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നിയന്ത്രിക്കൽ ശ്രമകരമാവും.
ലോസ് ആഞ്ജൽസിൽ ഏഴോളം തീപിടിത്തങ്ങളുണ്ടായി. റിപ്പോർട്ടുകൾ പ്രകാരം ഈറ്റൺ തീപിടുത്തത്തിൽ 16 പേർ മരിച്ചു. പാലിസേഡ്സ് തീപിടുത്തത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിൽ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഏകദേശം 150000 ആളുകൾക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 700ലധികം പേർ ഒമ്പത് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചതായാണ് റിപ്പോർട്ട്.
കാലിഫോർണിയ കൂടാതെ മറ്റ് ഒമ്പത് യു.എസ് സംസ്ഥാനങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 1,300-ലധികം ഫയർ എഞ്ചിനുകളും 84 വിമാനങ്ങളും 14,000-ലധികം ഉദ്യോഗസ്ഥരും തീയണക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. മെക്‌സിക്കോയിൽ നിന്ന് ഫയർഫോഴ്‌സും എത്തിയിട്ടുണ്ട്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ 70000 വീടുകൾ ഇരുട്ടിലാണ്. 335 സ്കൂളുകൾ അടച്ചതായി കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച പ്രസ്താവന പുറത്തിറക്കി. 1500 കോടി ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കാട്ടുതീയുടെ കാരണം കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

