Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമാപ്പ്: വധശിക്ഷാ പട്ടികയിലെ 548 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് കാലിഫോർണിയ

text_fields
bookmark_border
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമാപ്പ്: വധശിക്ഷാ പട്ടികയിലെ 548 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് കാലിഫോർണിയ
cancel

കാലിഫോർണിയ: വധശിക്ഷക്ക് വിധിക്കപ്പെട്ട് കാലിഫോർണിയയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 548 തടവുകാർക്ക് പൊതുമാപ്പ് നൽകി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതുമാപ്പായാണ് ഇത് രേഖപ്പെടുത്തപ്പെടുന്നത്. ഗവർണറുടെ ഈ ചരിത്രപരമായ തീരുമാനത്തോടെ കാലിഫോർണിയയിലെ വധശിക്ഷാ പട്ടികയിൽ ആരും ശേഷിക്കില്ല. ശിക്ഷ ഇളവ് ലഭിക്കുന്നവർക്ക് പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവായിരിക്കും ലഭിക്കുക.

ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കൊലപാതകങ്ങൾ കാലിഫോർണിയയുടെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും, അത് നിയമവ്യവസ്ഥയുടെ അടിത്തറയെത്തന്നെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഡെമോക്രാറ്റിക് നേതാവ് കൂടിയായ ഗാവിൻ ന്യൂസം ഈ നിർണ്ണായക ഉത്തരവിൽ ഒപ്പുവെച്ചത്. കഴിഞ്ഞ 20 വർഷമായി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല. പക്ഷെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണശിക്ഷ കാത്തുകഴിയുന്ന ഡെത്ത് റോ നിലനിന്നിരുന്നത് ഇവിടെയായിരുന്നു.

1990കൾക്കുശേഷം അമേരിക്കയിൽ വധശിക്ഷക്കുള്ള പിന്തുണ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭൂരിപക്ഷം ആളുകളും ഇതിനെ അനുകൂലിക്കുന്നുണ്ട്.ആഗസ്റ്റിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ നൽകുന്നതിനെ 66 ശതമാനം അമേരിക്കക്കാരും പിന്തുണച്ചിട്ടുണ്ട്. .

വധശിക്ഷാ കേസുകളിൽ ദീർഘകാല നിയമപോരാട്ടങ്ങൾ നടക്കുന്നതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പലർക്കും ശിക്ഷ നടപ്പാക്കാറില്ല. അമേരിക്കയിലെ 23 സംസ്ഥാനങ്ങൾ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങൾ നിയമത്തിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ടെങ്കിലും അത് നടപ്പാക്കുന്നത് ഫലത്തിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

എന്നാൽ, ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകണമെന്ന നിലപാടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ളത്. വെടിവെച്ചുകൊല്ലുന്ന രീതി ഉൾപ്പെടെ ഫെഡറൽ വധശിക്ഷകൾ വ്യാപിപ്പിക്കുമെന്ന് ട്രംപിന്റെ ഭരണകൂടം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.

വധശിക്ഷ കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, പതിറ്റാണ്ടുകളായുള്ള പഠനങ്ങൾ അത്തരമൊരു ഫലത്തിന് തെളിവ് നൽകുന്നില്ലെന്നാണ് വിമർശകരുടെ നിലപാട്. വധശിക്ഷ നടപ്പാക്കുന്നതിനുള്ള വലിയ ചെലവും ധാർമികവും പ്രായോഗികവുമായ പ്രശ്നങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.

1978 മുതൽ കാലിഫോർണിയ വധശിക്ഷാ നടപടികൾക്കായി ആറായിരം കോടി ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാലയളവിൽ 13 വധശിക്ഷകൾ മാത്രമാണ് നടപ്പാക്കിയതെന്നും ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ വ്യക്തമാക്കുന്നു.

ഡെമോക്രാറ്റിക് പാർട്ടിക്ക് വൻ വിജയം സമ്മാനിച്ച യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ന്യൂസമിന്റെ ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. 2027 ജനുവരിയിൽ രണ്ടാം ഗവർണർ കാലാവധി പൂർത്തിയാക്കുന്ന ഗാവിൻ ന്യൂസം, 2028ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നടപടി.

ന്യൂസത്തിന്റെ തീരുമാനം രാജ്യത്തെ വധശിക്ഷാ തടവുകാരുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം കുറവുണ്ടാക്കും. എന്നാൽ സംസ്ഥാന നിയമപ്രകാരം, മുൻപ് ഒന്നിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള തടവുകാരുടെ പൊതുമാപ്പ് അന്തിമമായി അംഗീകരിക്കപ്പെടാൻ കാലിഫോർണിയ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - California governor commutes sentences of more than 500 people on death row
Next Story