Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആശുപത്രിയിൽ മൃതദേഹങ്ങൾ...

ആശുപത്രിയിൽ മൃതദേഹങ്ങൾ വികൃതമാക്കി ബുൾഡോസറുകൾ; വെളിപ്പെടുത്തലുമായി ഡോക്ടർമാർ

text_fields
bookmark_border
ആശുപത്രിയിൽ മൃതദേഹങ്ങൾ വികൃതമാക്കി ബുൾഡോസറുകൾ; വെളിപ്പെടുത്തലുമായി ഡോക്ടർമാർ
cancel

ജറൂസലം: വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം നടത്തിയത് മനുഷ്യത്വം അറച്ചുനിൽക്കുന്ന ഹീനകൃത്യങ്ങളെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംമേൽ മുഖം നോക്കാതെ കയറിയിറങ്ങിയ ബുൾഡോസറുകൾ ആശുപത്രിയിൽ കിടന്ന മൃതദേഹങ്ങളോടു പോലും അനാദരവ് കാണിച്ചതായാണ് ഡോക്ടർമാരെയും ജീവനക്കാരെയും ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കമാൽ അദ്‍വാൻ ആശുപത്രിയിൽ ബുൾഡോസറുകളുമായി ഇസ്രായേൽ സൈന്യം എത്തിയത്. ഹമാസ് താവളമാക്കിയെന്ന് ആരോപിച്ച് ഇരച്ചുകയറിയ സൈന്യം അടുത്തിടെ ആശുപത്രി വളപ്പിൽ ഖബറടക്കേണ്ടിവന്ന മൃതദേഹങ്ങൾ മാന്തി പുറത്തിട്ടു. വലിച്ചിഴക്കുകയും പിന്നീട് ബുൾഡോസറുകൾ ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി ശിശുപരിചരണ വിഭാഗം മേധാവി ഹുസാം അബൂസാഫിയ പറയുന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്ത അനുഭവമായിരുന്നു ഇതെന്നും അദ്ദേഹം നടുക്കത്തോടെ പങ്കുവെക്കുന്നു.

ആശുപത്രി വളപ്പിൽ വികൃതമാക്കപ്പെട്ട്, അഴുകിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങളുടെ വിഡിയോകളും ചിത്രങ്ങളും തങ്ങൾക്ക് ലഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രി നഴ്സിങ് മേധാവി ഈദ് സബ്ബാഹും മറ്റൊരു നഴ്സ് അസ്മ തൻത്വീശും ഇത് സ്ഥിരീകരിക്കുന്നു. ‘‘ഞങ്ങളുടെ കണ്ണുകൾക്ക് മുന്നിലായിരുന്നു ആശുപത്രി മുറ്റത്ത് ക്രൂരകൃത്യം. അരുതെന്നാവശ്യപ്പെട്ട് ഉറക്കെ അലറിക്കരഞ്ഞെങ്കിലും അവർ അലിവു കാണിച്ചില്ല’’- തൻത്വീശ് പറഞ്ഞു. ഡിസംബർ 15ലെ ഉപഗ്രഹ ചിത്രങ്ങൾ ആശുപത്രി വളപ്പ് ഇടിച്ചുനിരപ്പാക്കിയത് വ്യക്തമാക്കുന്നുണ്ടെന്നും സി.എൻ.എൻ ലേഖകൻ കൂട്ടിച്ചേർത്തു.

കുടുംബത്തിലെ 76 പേരെ കൊലപ്പെടുത്തി ഇസ്രായേൽ

ഗസ്സ: യുദ്ധക്കെടുതിയിൽ പതിനായിരങ്ങൾ സഹായം കിട്ടാതെ ഗസ്സയിൽ ദുരിതം അനുഭവിക്കുമ്പോഴും കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ സേന. ഗസ്സ സിറ്റിയിൽ ഒരു കുടുംബത്തിലെ 76 പേരെ വെള്ളിയാഴ്ച രാത്രി ബോംബിട്ട് കൊന്നു. മുഗ്റബി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പോർവിമാനങ്ങൾ തീതുപ്പിയതിനെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത്. ഐക്യരാഷ്ട്രസഭ ഏജൻസി ഉദ്യോഗസ്ഥൻ ഇസ്സാം അൽ മുഗ്റബിയും ഭാര്യയും അഞ്ച് മക്കളും കൊല്ലപ്പെട്ടവരിലുണ്ട്.

സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് 75 ദിവസത്തിനിടെ 136 യു.എൻ ഉദ്യോഗസ്ഥർക്കാണ് ഗസ്സയിൽ ജീവൻ നഷ്ടമായതെന്ന് അറിയിച്ചു. യു.എൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണിത്. ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും വീട് നഷ്ടപ്പെട്ടു. ജീവൻ പണയംവെച്ചും ഗസ്സയിൽ രക്ഷാദൗത്യം തുടരുന്നവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

ഗസ്സയുടെ ഈജിപ്ഷ്യൻ അതിർത്തിയിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങിയതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. ജബാലിയ, ബുറൈജ് എന്നിവിടങ്ങളിൽ വ്യോമാക്രമണവും ശക്തമാണ്. ബൈത് ലാഹിയയിൽ റോഡരികിൽ മൃതദേഹങ്ങൾ കുന്നുകൂടി ചീഞ്ഞളിയുകയാണ്. കനത്ത ചെറുത്തുനിൽപ് നടത്തുന്ന അൽഖസ്സാം ബ്രിഗേഡ് അഞ്ച് ഇസ്രായേലി ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും അറിയിച്ചു. പൊട്ടാതെ കിടന്ന രണ്ട് ഇസ്രായേലി മിസൈലുകൾ നന്നാക്കിയെടുത്താണ് ടാങ്കുകൾക്കുനേരെ ആക്രമണം നടത്തിയത്.

അതേസമയം, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ച അടഞ്ഞ അധ്യായമല്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹാരറ്റ്സ്’ പത്രം റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ പുതിയ സംഭവ വികാസങ്ങൾ സംബന്ധിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ടെലിഫോണിൽ ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Bulldozers mutilate bodies in hospital -Doctors
Next Story