ഗസ്സയിൽ ആശുപത്രി മുറ്റത്ത് 20 പേരെ ബുൾഡോസർ കയറ്റി കൊന്നു; കാത്തലിക് ചർച്ചിൽ അമ്മയെയും മകളെയും വെടിവെച്ചുകൊന്നു
text_fieldsകാത്തലിക് ചർച്ചിൽ ഇസ്രായേലി സൈനികൻ വെടിവെച്ചുകൊന്ന അമ്മയും മകളും, കമാൽ അദ്‍വാൻ ആശുപത്രി പരിസരം
ഗസ്സ: വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി മുറ്റത്ത് തമ്പടിച്ചിരുന്ന രോഗികളടക്കം 20 പേരെ ഇസ്രായേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും തകർത്തു. ഇതേ തുടർന്ന് 12 നവജാത ശിശുക്കൾ ഇൻകുബേറ്ററിൽ ജീവനോട് മല്ലിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മായ് അൽ കൈല പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട് അഭയാർഥികളായവരാണ് ആശുപത്രിമുറ്റത്തെ താൽക്കാലിക തമ്പുകളിൽ കഴിഞ്ഞിരുന്നത്. പരിക്കേറ്റ് ചികിത്സയിലുള്ളവരും ആശുപത്രിയിൽ സ്ഥലമില്ലാത്തതിനാൽ തമ്പുകളിലുണ്ടായിരുന്നു. ഇവർക്കിടയിലേക്കാണ് ഇസ്രായേൽ സൈനികർ ബുൾഡോസർ ഓടിച്ചുകയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആശുപത്രിയിൽനിന്ന് 70 ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗസ്സയിൽ ആകെയുണ്ടായിരുന്ന 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്.
അതേസമയം, ഗസ്സ സിറ്റിയിലെ കാത്തലിക് ചർച്ചിൽ കടന്നുകയറിയ ഇസ്രായേലി സൈനികൻ അമ്മയെയും മകളെയും വെടിവെച്ചുകൊന്നു. നാഹിദ, സമർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുപേർക്ക് പരിക്കേറ്റു. ജബലിയ, ഖാൻ യൂനുസ്, ദാറുൽ ബലാ, ശുജയ്യ എന്നിവിടങ്ങളിൽ കനത്ത ആക്രമണം തുടരുകയാണ്. ജബലിയയിൽ രണ്ടു വീടുകൾക്കുനേരെ നടത്തിയ ബോംബിങ്ങിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അൽ ഖറാറ, ബനി സുഹൈല എന്നിവിടങ്ങളിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷ തെരുവുയുദ്ധം നടക്കുകയാണ്. വെസ്റ്റ്ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു ഫലസ്തീനികൾ കൊല്ലപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

