ബജറ്റ് ഫ്രണ്ട്‍ലി ടൂർ പാക്കേജിൽ പട്ടായയിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു, മോചനദ്രവ്യം ആവശ്യപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
ബാങ്കോക്ക്: ബജറ്റ് ഫ്രണ്ട്‍ലി വിനോദയാത്രാ പാക്കേജിൽ തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ പട്ടായയിൽ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയിലേറെ തടവിൽ പാർപ്പിച്ചു. ഇന്ത്യക്കാർ ഉൾപ്പെട്ട സംഘമാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്, കുടുംബങ്ങളിൽനിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് തായ് പൊലീസ് പറയുന്നു. ജൂലൈ 27ന് നടത്തിയ പരിശോധനയിൽ യുവാക്കളെ പൊലീസ് രക്ഷപ്പെടുത്തി.
23നും 26 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളെയാണ് അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയത്. ഏഴ് ദിവസത്തെ കുറഞ്ഞ നിരക്കിലുള്ള ടൂർ പാക്കേജിലാണ് സംഘം തായ്‌ലൻഡിലെത്തിയത്. ഓരോരുത്തരും പാക്കേജിനായി ഏകദേശം 70,000 തായ് ബാത്ത് (ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപ) വീതം നൽകിയിരുന്നു. ജൂലൈ 21ന് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ ഇവർ പിന്നീട് ടാക്സിയിൽ പട്ടായയിലേക്ക് പോയി.
പട്ടായയിലെ സുഖുംവിത് ഹൈവേക്കരികിലുള്ള ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ എത്താനായിരുന്നു യുവാക്കൾക്ക് ഏജൻസിയിൽനിന്ന് ലഭിച്ച നിർദേശം. അവിടെനിന്ന് ഒരു ഇന്ത്യൻ പൗരൻ ഇവരെ ഓരോരുത്തരെയായി മോട്ടോർസൈക്കിളിൽ സമീപത്തെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് നാല് പാകിസ്താൻ പൗരന്മാരും ഇന്ത്യൻ പൗരനും ചേർന്ന് കീഴ്പ്പെടുത്തി തടവിലാക്കിയതായി രക്ഷപ്പെട്ടവർ മൊഴി നൽകി.
പട്ടായയിലെ ബാങ് ലാമുങ് ജില്ലയിലെ ഇരുനില വാടകവീട്ടിലാണ് ഒരാഴ്ചയിലേറെ യുവാക്കളെ തടവിൽ പാർപ്പിച്ചത്. ദിവസവും ക്രൂരമായി മർദിച്ചെന്നും ഭക്ഷണവും ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യവും നിഷേധിച്ചെന്നും യുവാക്കൾ പൊലീസിനോട് പറഞ്ഞു. തലകീഴായി തൂക്കിയിട്ട് മർദിച്ചതായും കാലുകളിൽ അടിച്ചതായും മൊഴിയിലുണ്ട്.
യുവാക്കളുടെ കുടുംബങ്ങളിൽനിന്ന് 24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) മോചനദ്രവ്യമായി ആവശ്യപ്പെട്ടതായാണ് വിവരം. കുടുംബാംഗങ്ങളെ ഭയപ്പെടുത്തുന്നതിനായി യുവാക്കളെ വീഡിയോ കോൾ ചെയ്യിക്കുകയും ഗുരുതരമായി പരിക്കേറ്റതായി തോന്നിക്കാൻ ശരീരത്തിൽ ചുവന്ന പെയിന്റ് പുരട്ടിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ സഹായം തേടി തായ് പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സംഘത്തിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി. പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോൾ കൈകളും കാലുകളും വായും കെട്ടിയ നിലയിലാണ് മൂന്ന് യുവാക്കളെയും കണ്ടെത്തിയത്. കാലുകളിൽ മർദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.
പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മുഖ്യ പ്രതികൾ മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടെങ്കിലും, കേസുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യൻ പൗരന്മാരെ പിന്നീട് ബാങ്കോക്കിൽനിന്ന് അറസ്റ്റ് ചെയ്തു. തായ്‌ലൻഡ് വിടാൻ വിമാനത്തിൽ കയറാൻ കാത്തിരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. ബാങ്കോക്കിലെ ക്ലോങ് താൻ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് അവ്താർ സിങ്, ജഗ്ജിത് സിങ്, രാംബലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ പൗരന്മാരായ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. മോചനദ്രവ്യം ക്രിപ്റ്റോകറൻസിയിലൂടെ കൈപ്പറ്റാനായിരുന്നു പദ്ധതിയെന്നും അന്വേഷണ സംഘം പറയുന്നു.
വിലക്കുറഞ്ഞ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്ന രാജ്യാന്തര സംഘങ്ങളുടെ പുതിയ രീതിയാണ് സംഭവം പുറത്തുകൊണ്ടുവന്നതെന്ന് തായ് പൊലീസ് വ്യക്തമാക്കി. യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും അപരിചിതർ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

