ബ്രസൽസ്: ആസ്ട്ര സെനിക്ക വാക്സിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രതികരണവുമായി യുറോപ്യൻ യൂണിയൻ. യുറോപ്യൻ മെഡിസിൻ ഏജൻസിയാണ് വിശദീകരണം നൽകിയത്. ആസ്ട്ര സെനിക്ക വാക്സിൻ നൽകിയവരിൽ വളരെ കുറച്ച് പേർക്ക് മാത്രമേ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയിട്ടുള്ളുവെന്ന് ഏജൻസി വ്യക്തമാക്കി.
200 മില്യൺ ജനങ്ങൾക്ക് ലോകവ്യാപകമായി ആസ്ട്ര സെനിക്ക വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണമെന്നും ഇ.യു അംഗരാജ്യങ്ങളോട് നിർദേശിച്ചു.
യു.കെയിൽ ആസ്ട്ര സെനിക്ക കോവിഡ് വാക്സിൻ സ്വീകരിച്ച 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയിരുന്നു. ഇതിൽ 19 പേർ മരിക്കുകയും ചെയ്തിരുന്നു.