ട്രംപിനെച്ചൊല്ലി തർക്കം; യു.എസിൽ പിതാവ് മകളെ വെടിവെച്ചു കൊന്നു
text_fieldsയു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 23 വയസ്സുള്ള ബ്രിട്ടീഷ് യുവതിയെ പിതാവ് വെടിവെച്ചു കൊന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള ലൂസി ഹാരിസണിനെയാണ് പിതാവ് ക്രിസ് ഹാരിസണ്‍ കൊലപ്പെടുത്തിയത്. അമേരിക്കയിലെ ടെക്‌സസില്‍ 2025 ജനുവരി 10നാണ് സംഭവം നടന്നത്.
ലൂസിയും പിതാവും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടാറുണ്ടായിരുന്നെന്ന് യുവതിയുടെ പങ്കാളി ലിറ്റ്‌ലർ പറയുന്നു. തോക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടാകാറുണ്ടായിരുന്നെന്നും ലിറ്റ്‌ലർ കോടതിയെ അറിയിച്ചു. സംഭവദിവസം രാവിലെ ദമ്പതികൾ വിമാനത്താവളത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ട്രംപിനെച്ചൊല്ലി അച്ഛനും മകളും തമ്മിൽ വലിയ തർക്കം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള തർക്കത്തിനിടെ, താനാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടതെങ്കില്‍ പിതാവിന് എന്ത് തോന്നുമായിരുന്നു എന്ന് ലൂസി ചോദിച്ചു. ഇതിന്, തനിക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ടെന്നും അതിനാൽ തന്നെ അത്രയധികം വിഷമം ഉണ്ടാകില്ലെന്നും പിതാവ് മറുപടി നല്‍കി. ഇതു കേട്ട് വിഷമത്തിലായ ലൂസി മുറിയിലേക്ക് പോയി. എന്നാൽ ഏകദേശം, അരമണിക്കൂറിനുശേഷം, ക്രിസ് ലൂസിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
സെക്കൻഡുകൾക്കുള്ളിൽ തന്നെ വലിയ ശബ്ദം കേട്ടു. ലിറ്റ്‌ലർ മുറിയിൽ പ്രവേശിച്ചപ്പോൾ, ലൂസി കുളിമുറിയുടെ വാതിലിനടുത്ത് തറയിൽ കിടക്കുകയായിരുന്നു. നെഞ്ചിൽ ഒരു വെടിയേറ്റാണ് ലൂസി മരിച്ചത്. തോക്ക് മകളെ കാണിക്കാന്‍ ഉയര്‍ത്തിയപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ക്രിസ് കോടതിയില്‍ പറഞ്ഞത്.
ലൂസിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ക്രിസിനെതിരെ ഇതുവരെ കേസ് എടുത്തില്ല. ക്രിസ് മുമ്പ് മദ്യത്തിന് അടിമയായിരുന്നെന്നും റിപ്പോർട്ടുണ്ട്. സംഭവം നടന്ന ദിവസം ഏകദേശം 500 മില്ലി വൈറ്റ് വൈൻ കഴിച്ചതായും ക്രിസ് ഹാരിസൺ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

