പലിശരഹിത വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ബ്രിട്ടീഷ് സർവകലാശാലകൾ
text_fieldsലണ്ടൻ: യുകെയിൽ മുസ്‌ലിം വിദ്യാർഥികൾക്ക് പലിശയില്ലാതെ സർവകലാശാലാ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. പലിശരഹിത വായ്പാ സൗകര്യം അനുവദിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് രാജ്യത്തെ പ്രമുഖ സർവകലാശാലകൾ ഇതിനോടകം തന്നെ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്കിടയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പയെടുത്ത വിദ്യാർഥികൾ പഠനശേഷം തിരിച്ചടക്കുന്ന പണം സർക്കാർ ഖജനാവിലേക്ക് പോകില്ല. പകരം, പുതിയതായി പഠനവായ്പ ആവശ്യമുള്ള മറ്റ് വിദ്യാർഥികൾക്ക് നൽകുന്നതിനായി ഈ തുക ഉപയോഗിക്കും. അങ്ങനെ ഒരു വിദ്യാർഥിയുടെ തിരിച്ചടവ് മറ്റൊരു വിദ്യാർഥിയുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്.
വായ്പയെടുത്ത വിദ്യാർഥികൾ മുഴുവൻ തുകയും തിരിച്ചടയ്ക്കാത്ത സാഹചര്യമുണ്ടായാൽ ആ നഷ്ടത്തിന്റെ ബാധ്യത നികുതിദായകർക്കും ഉണ്ടാകും.
ഇസ്‌ലാമിക നിയമപ്രകാരം പലിശ നൽകുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. ഈ വിശ്വാസം പിന്തുടരുന്ന കൂടുതൽ വിദ്യാർഥികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ മുസ്‌ലിം വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ എല്ലാവർക്കും ഈ വായ്പാ സൗകര്യം പ്രയോജനപ്പെടുത്താം.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയിലെ 'തകാഫുൽ' (Takaful) എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സാധാരണ വായ്പകളിൽ മൂലധനത്തിന് പുറമെ പലിശ ഈടാക്കുമ്പോൾ, ഈ പദ്ധതിയിൽ പലിശക്ക് പകരം ഒരു നിശ്ചിത തുക 'സംഭാവന' എന്ന നിലയിൽ വിദ്യാർഥികൾ അടക്കും. ഈ തുക പ്രത്യേകമായി മാറ്റിവെച്ച് ഭാവിയിൽ ശരീഅത്ത് അനുസൃത വായ്പയെടുക്കുന്ന മറ്റ് വിദ്യാർഥികൾക്ക് സഹായം നൽകുന്നതിനായി വിനിയോഗിക്കും.
റിഫോം യുകെയുടെ വിദ്യാഭ്യാസ വക്താവ് സുവെല്ല ബ്രേവർമാൻ പുതിയ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചു. ഈ പദ്ധതി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും വിദ്യാഭ്യാസ മേഖലയിൽ രണ്ട് തട്ടിലുള്ള സംവിധാനത്തിന് വഴിയൊരുക്കാനും സാധ്യതയുണ്ടെന്നാണ് വാദം.ശരീഅത്ത് നിയമപ്രകാരമുള്ള വായ്പകൾ അനുവദിക്കുന്നത് ബ്രിട്ടീഷ് ജീവിതരീതിയുമായി പൊരുത്തപ്പെടാത്ത സമാന്തര സംവിധാനങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുമെന്നും അവർ ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ഡി.ഇ വക്താവ് പദ്ധതിക്കെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞു. ബദൽ വിദ്യാഭ്യാസ വായ്പാ പദ്ധതി മുസ്‌ലിം വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യം നൽകുമെന്ന വാദം തീർത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏത് വായ്പാ സംവിധാനം തെരഞ്ഞെടുക്കുന്നവരായാലും എല്ലാ വിദ്യാർഥികളും,പഠനം പൂർത്തിയാക്കിയ ശേഷം വായ്പ പൂർണമായി തിരിച്ചടക്കേണ്ടതുണ്ട്. പരമ്പരാഗത വായ്പയിലെ പലിശക്ക് തുല്യമായ തുകയും ബദൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ സംവിധാനം കൂടുതൽ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുമെന്നും മതവിശ്വാസത്തിന്റെ പേരിൽ ആർക്കും സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ബാങ്ക് വായ്പകൾ പോലെയല്ല വിദ്യാർഥി വായ്പകൾ പ്രവർത്തിക്കുന്നതെന്നും തിരിച്ചടവിന്റെ സാമ്പത്തിക ബാധ്യത വിദ്യാർഥികൾക്ക് താങ്ങാനാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ വിദ്യാഭ്യാസ വായ്പാ സംവിധാനത്തിനുതന്നെ സർക്കാർ വലിയ തോതിൽ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനായി ബ്രിട്ടീഷ് സർക്കാർ പൊതുഫണ്ടിൽ നിന്ന് ഏകദേശം 3.65 ലക്ഷം പൗണ്ട് ഇസ്‌ലാമിക്ക് ഫിനാൻസ് കൗൺസിൽ യുകെയ്ക്ക് നൽകിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തിലുള്ള വിദ്യാഭ്യാസ വായ്പാ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടനെന്നും സർക്കാർ അവകാശപ്പെട്ടു.

