തെറ്റുസമ്മതിച്ച് പുതിയ ബ്രിട്ടീഷ് ധനമന്ത്രി
text_fieldsലണ്ടനിൽ ഡൗണിങ് സ്ട്രീറ്റിലെ ഓഫിസിലേക്ക് എത്തുന്ന പുതിയ ബ്രിട്ടീഷ് ധനമന്ത്രി ജെറമി ഹണ്ട്
ലണ്ടൻ: നികുതി വർധന എടുത്തുകളഞ്ഞ മിനി ബജറ്റിന്റെ കാര്യത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് പുതിയ ബ്രിട്ടീഷ് ധനമന്ത്രി ജറമി ഹണ്ട്. ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ വരുന്നുണ്ടെന്നും നികുതി വർധനയുടെ സൂചനയായി അദ്ദേഹം മുന്നറിയിപ്പ് നൽകി.നികുതി ഇളവു നൽകിയ മുൻ ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിന് പിഴവുപറ്റിയെന്നും ഹണ്ട് ആരോപിച്ചു. എന്നാൽ കുടുംബങ്ങൾക്ക് സഹായകമായ ഊർജവില ഗ്യാരണ്ടി അവതരിപ്പിച്ചതിന് ക്വാർട്ടെങ്ങിനെ പ്രശംസിച്ചു.
കഴിഞ്ഞ മാസാവസാനം ക്വാർട്ടെങ് അവതരിപ്പിച്ച മിനി-ബജറ്റിൽ 'രണ്ട് തെറ്റുകൾ' ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഉയർന്ന വരുമാനമുള്ളവർക്കുള്ള 45-പെൻസ് നികുതി ഇളവ്, സൂക്ഷ്മപരിശോധനയില്ലാതെ നികുതി വെട്ടിക്കുറക്കൽ പാക്കേജ് പ്രഖ്യാപിച്ചത് എന്നിവയാണവ. 'ആളുകൾ പ്രതീക്ഷിക്കുന്നത്ര നികുതി കുറയാൻ പോകുന്നില്ല. ചില നികുതികൾ വർധിപ്പിക്കേണ്ടിവരും. കൂടുതൽ സമ്പാദ്യം കണ്ടെത്താൻ ഞാൻ എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെടാൻ പോകുന്നു' അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ 31ന് ഇടക്കാല ബജറ്റ് പദ്ധതികൾ ഹണ്ട് പ്രഖ്യാപിക്കും. ഇത് വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രധാന പരീക്ഷണമാണ്. നികുതി കുറക്കും എന്ന പ്രചാരണവുമായാണ് ലിസ് ട്രസ് മുൻ ചാൻസലർ ഋഷി സുനക്കിനെതിരെ മത്സരിച്ചത്. നികുതി വർധന എടുത്തുകളഞ്ഞ നടപടി പിൻവലിച്ച് അധികാരം നിലനിർത്താനാണ് നീക്കം. മുൻ ധനമന്ത്രി ഋഷി സുനക് 2021 മാർച്ചിലാണ് വർധന പ്രഖ്യാപിച്ചത്. സ്ഥാനമേറ്റ് മുപ്പത്തെട്ടാം ദിവസമാണ് മന്ത്രിസഭയിലെ അടുത്ത അനുയായികൂടിയായ ക്വാസി ക്വാർട്ടെങ്ങിനെ ട്രസിന് പുറത്താക്കേണ്ടിവന്നത്. ബ്രിട്ടന് നാല് മാസത്തിനിടെ നാലാമത്തെ ധനമന്ത്രിയെയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

