ബാൽഫർ പ്രഖ്യാപനത്തിന് 108 വർഷം കഴിഞ്ഞ് ബ്രിട്ടന്റെ ‘പശ്ചാത്താപം’
text_fieldsയു.കെ പ്രധാനമന്ത്രി സ്റ്റാമർ
ലണ്ടൻ: ‘ഫലസ്തീൻ മണ്ണിൽ ജൂത ജനതക്ക് ദേശീയ ഭവനമൊരുക്കുന്ന’തിനെ പിന്തുണച്ച ബാൽഫർ പ്രഖ്യാപനത്തിന് 108 വർഷം കഴിഞ്ഞ് ബ്രിട്ടന്റെ നിലപാട് മാറ്റം. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഫലസ്തീനിൽ ഇസ്രായേൽ സ്ഥാപിച്ച് 77 വർഷത്തിനു ശേഷമാണ് രാജ്യം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത്.
‘‘പശ്ചിമേഷ്യയിലെ അനുദിനം വർധിക്കുന്ന ഭീകരതക്കിടെ സമാധാനവും ദ്വിരാഷ്ട്ര പരിഹാരവും ലക്ഷ്യമിട്ടാണ് നടപടി’’യെന്ന് യു.കെ പ്രധാനമന്ത്രി സ്റ്റാമർ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ തന്നെ നിലപാട് മാറ്റം സംബന്ധിച്ച് ബ്രിട്ടൻ തീരുമാനമെടുത്തിരുന്നു. ബ്രിട്ടനൊപ്പം കോമൺവെൽത്ത് രാജ്യങ്ങളായ കാനഡയും ആസ്ട്രേലിയയും കൂടി ഫലസ്തീൻ പിന്തുണ പരസ്യമാക്കുമ്പോൾ ബ്രിട്ടനും ലോകവും നടത്തിയ ക്രൂരതകൾക്ക് ചെറുതായെങ്കിലും പശ്ചാത്താപം കൂടിയായി ഫലസ്തീനികൾ ഇത് കാണുന്നു.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഫലസ്തീൻ രാഷ്ട്ര പ്രഖ്യാപനവും അംഗീകാരം നൽകലുമെങ്കിലും ഒറ്റനാളിൽ പത്തിലേറെ രാജ്യങ്ങളുടെ അംഗീകാര പ്രഖ്യാപനം വഴി സൃഷ്ടിക്കപ്പെടുന്നതും പുതുചരിത്രം. അമേരിക്കയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാജ്യങ്ങളിലേറെയും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1988ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) ആണ് ഫലസ്തീൻ രാജ്യം പ്രഖ്യാപിക്കുന്നത്. അതിനുശേഷം ഫലസ്തീൻ അതോറിറ്റി വഴി നാമമാത്ര അധികാരമാണ് ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലായി ഫലസ്തീനികൾക്ക് ഉണ്ടായിരുന്നത്. 2007 മുതൽ ഹമാസ് നിയന്ത്രിക്കുന്ന ഗസ്സ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് നിലവിൽ ഇസ്രായേൽ അധിനിവേശം. ഇതോടെ, വെസ്റ്റ് ബാങ്കിലെ ചില മേഖലകളിൽ മാത്രമായി ഒതുങ്ങി. ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീന്റെ ഭാഗമായി യു.എൻ കണക്കാക്കുന്നു.
നിലവിൽ 193 അംഗരാജ്യങ്ങളിൽ 150ലേറെയും ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നവരാണ്. 2012ൽ യു.എൻ പൊതുസഭയിൽ നിരീക്ഷക പദവി ലഭിച്ച ഫലസ്തീന് കഴിഞ്ഞ വർഷം കൂടുതൽ അധികാരങ്ങൾ അനുവദിച്ചിരുന്നു. അംഗരാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പം ഇരിപ്പിടം, നിർദേശങ്ങൾ സമർപ്പിക്കാൻ അവകാശം, സമിതികളിൽ അംഗത്വം എന്നിങ്ങനെയുണ്ടെങ്കിലും വോട്ടിങ് അവകാശമില്ല.
യൂറോപ്പിൽ ബൾഗേറിയ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഹംഗറി, റുമേനിയ, പോളണ്ട്, െസ്ലാവാക്യ രാജ്യങ്ങൾ നേരത്തേ ഫലസ്തീനെ അംഗീകരിച്ചവയാണ്. അഞ്ച് ഇ.യു അംഗരാജ്യങ്ങൾ കൂടി പുതുതായി അംഗീകാരം നൽകിയപ്പോൾ അങ്ങനെ തീരുമാനിക്കുന്നില്ലെന്ന് ഇറ്റലിയും ജർമനിയും നിലപാട് പരസ്യമാക്കിയിട്ടുണ്ട്. ജി20 രാജ്യങ്ങളിൽ പകുതിയും നേരത്തേ അംഗീകരിച്ചവയാണ്. ഇതിൽപെട്ട ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ എന്നിവയും പുതുതായി അംഗീകാരം പ്രഖ്യാപിക്കുന്നുണ്ട്. അതേസമയം, ജി20 പോലെ ഔദ്യോഗിക സ്വഭാവമുള്ള യൂറോപ്യൻ യൂനിയൻ അംഗീകരിച്ചിട്ടില്ല. അതിസമ്പന്നരുടെ കൂട്ടായ്മയായ ജി7ലും കാനഡ, ഫ്രാൻസ് എന്നിവ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

