ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കി
text_fieldsലണ്ടൻ: ബ്രിട്ടനിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. നിയന്ത്രണങ്ങൾ പൂർണമായി നീക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം തള്ളിയാണ് ബ്രിട്ടെൻറ തീരുമാനം. നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ പല കമ്പനികളും ജീവനക്കാരുടെ വർക് ഫ്രം ഹോം അവസാനിപ്പിച്ചു.
രാജ്യത്തെ നിശാ ക്ലബുകളിലും തിയറ്ററുകളിലും നൂറുശതമാനം ആളുകളെ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇൻഡോർ കായിക സ്റ്റേഡിയങ്ങളും തുറന്നു. 5000ത്തിനു മുകളിലാണ് ബ്രിട്ടനിലെ പ്രതിദിന കോവിഡ് നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്തോനേഷ്യക്കും ബ്രസീലിനും പിന്നാലെ മൂന്നാംസ്ഥാനത്താണ് ബ്രിട്ടൻ. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും വൈറസ് ചുറ്റിലുമുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. നിയന്ത്രണങ്ങൾ എടുത്തുകളയാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുതിർന്ന പൗരന്മാരിൽ മൂന്നിൽ രണ്ടുപേരും വാക്സിൻ സ്വീകരിച്ചവരാണ്. അവശേഷിക്കുന്നവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

