തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ബ്രിട്ടൻ; ഋഷി സുനകിന്റെ ഭാവി തുലാസ്സിൽ
text_fieldsലണ്ടൻ: ഇന്ത്യൻ വംശജനും കൺസർവേറ്റിവ് പാർട്ടി നേതാവുമായ ഋഷി സുനകിന്റെ ഭാവി തുലാസ്സിലാക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ബ്രിട്ടൻ. ഈ തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഹൗസ് ഓഫ് കോമൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ 46 ദശലക്ഷത്തിലേറെ പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 40,000ത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. സുനകും ഭാര്യ അക്ഷത മൂർത്തിയും വടക്കൻ ഇംഗ്ലണ്ടിലെ റിച്ച്മണ്ടിനടുത്തുള്ള നോർത്ത് യോർക്ക്ഷെയറിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ കെയിർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും ഉത്തര ലണ്ടനിലെ കാംഡനിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തു.
പതിവുപോലെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി പ്രചാരണമില്ലായിരുന്നു. നികുതി വർധിപ്പിക്കുമെന്ന നിലപാടുള്ള ലേബർ പാർട്ടിക്ക് ഭൂരിപക്ഷം നൽകരുതെന്നായിരുന്നു സുനകിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്. കോമൺവെൽത്ത് രാജ്യമെന്ന നിലയിൽ ഇന്ത്യക്കാരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരും.
സുനകിന്റെ പാർട്ടി 53 മുതൽ 150 വരെ സീറ്റുകൾ നേടുമെന്നും ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. ഭൂരിപക്ഷം ലഭിച്ചാൽ 2010ൽ ഗോർഡൻ ബ്രൗണിനു ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ.
അഞ്ചുവർഷത്തിലൊരിക്കലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടുന്നത്. 2019ലെ ലേബർ പാർട്ടിയുടെ തോൽവിക്കുശേഷം ജെറമി കോർബിനിൽനിന്ന് ചുമതലയേറ്റ സ്റ്റാർമറിനും ആദ്യ തെരഞ്ഞെടുപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

