ഗസ്സക്കായി കൈകോർത്ത് ബ്രിട്ടൻ; ഏറ്റവും വലിയ ധനസമാഹരണമായി ‘ഫലസ്തീനിനായി ഒരുമിച്ച്'
text_fields'ഫലസ്തീനിനായി ഒരുമിച്ച്' എന്ന പേരിൽ സെപ്റ്റംബർ 17ന് ലണ്ടനിലെ വെംബ്ലെ അരീനയില്‍ നടത്തിയ പരിപാടി ഗസ്സക്കായുള്ള യു.കെയിലെ ഏറ്റവും വലിയ ധനസമാഹരണ പരിപാടിയായി മാറി. 12000ത്തിലധികം കാണികളാണ് പരിപാടിയിൽ പങ്കെടുത്തത്. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയിൽ 60ആഗോള താരങ്ങൾ ഉൾപ്പെടെ സിനിമ, സംഗീതം, സാംസ്കാരികം, എന്നീ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തു. വംശഹത്യ അനുഭവിക്കുന്ന പലസ്തീനിയൻ ജനങ്ങൾക്ക് വേണ്ടി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഫലസ്തീൻ കുട്ടികളുടെ ദുരിതാശ്വാസ ഫണ്ട്, ഫലസ്തീൻ മെഡിക്കൽ റിലീഫ് സൊസൈറ്റി, താവോൺ എന്നിവയുൾപ്പെടെയുള്ള ഫലസ്തീൻ നേതൃത്വത്തിലുള്ള ചാരിറ്റികൾക്കായി പരിപാടിയിലൂടെ 1.5 മില്യൺ ബ്രിട്ടീഷ് പൗണ്ട് സമാഹരിച്ചതായി സംഘാടകർ അറിയിച്ചു.
പ്രശസ്ത സംഗീതജ്ഞൻ ബ്രയാൻ എനോയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പോൾ വെല്ലർ, ഡമോൺ അൽബാൻ, ജെയിംസ് ബ്ലൈക്ക്, ജാമി എക്സ്.എക്സ്, ജെയിംസ് ബ്ലേക്ക്, ബാസ്റ്റിൽ, പിങ്ക്പാന്തെറസ്, നദീൻ ഷാ എന്നിവരുടെ പ്രകടനങ്ങളും പലസ്തീൻ കലാകാരന്മാരായ എലിയാന, സെന്റ് ലെവന്റ്, അൽ ഫർഈ, ഡി.ജെ സമ അബ്ദുൾഹാദി എന്നിവരും വേദി പങ്കിട്ടു. ഇതിനോടൊപ്പം സമീപകാല വ്യോമാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഫലസ്തീൻ ചിത്രകാരന്മാരുടെ സൃഷ്ടികൾ സെറ്റിൽ പ്രദർശിപ്പിച്ചു.
എറിക് കാന്റോണ, ജമീല ജാമിൽ, പത്രപ്രവർത്തകൻ മെഹ്ദി ഹസൻ തുടങ്ങിയ സാംസ്കാരിക വ്യക്തികളോടൊപ്പം നടന്മാരായ ബെനഡിക്റ്റ് കംബർബാച്ച്, ഫ്ലോറൻസ് പഗ്, റിച്ചാർഡ് ഗിയർ, റിസ് അഹമ്മദ്, നിക്കോള കോഫ്ലാൻ എന്നിവരും പങ്കെടുത്തു.
ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസാണ് സദസിനെ അഭിസംബോധന ചെയ്തത്.
സിലിയൻ മർഫി, ജോക്വിൻ ഫീനിക്സ്, ബ്രയാൻ കോക്സ്, ബില്ലി എലിഷ്, ഫിനിയാസ് എന്നിവർ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും തങ്ങളുടെ സർക്കാരുകൾ നടപടിയെടുക്കുന്നതിനായി സമ്മർദം ചെലുത്താൻ പ്രേക്ഷകരോട് അഭ്യർഥിക്കുകയും ചെയ്യുന്ന പ്രീ റെക്കോർഡഡ് വിഡിയോയും പരിപാടിയിൽ അവതരിപ്പിച്ചു.
"ഗസ്സയിലെ കുട്ടികൾ പുസ്തകങ്ങൾക്ക് പകരം ബോംബുകൾ നേരിടുന്നത് കാണുമ്പോൾ നിശബ്ദത എന്നത് ഓപ്ഷനല്ല. ഈ പരിപാടി ഐക്യദാർഢ്യം, സ്നേഹം, നീതി എന്നിവയെക്കുറിച്ചാണ്' കൊമേഡിയൻ ഗുസ് ഖാൻ പറഞ്ഞു.
ചൂസ് ലവ് വഴി സംഭാവന ചെയ്യുന്ന ഓരോ ചെറിയ തുകയും ഫലസ്തീൻ ജനതക്ക് ലഭിക്കും. എന്നാൽ ഇത് കേവലം ധനസമാഹരമം മാത്രമല്ല, സ്നേഹവും ഐക്യദാർഢ്യവും എല്ലാം അടങ്ങിയതാണ് . ഫലസ്തീൻ മറന്നുപോയിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതാണ്. ബ്രയാൻ എനോ പറഞ്ഞു.
ഇവക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് നിഷ്പക്ഷതയല്ല. അത് പങ്കാളിത്തമാണ്. സഹാനുഭൂതി ഇത്ര കഠിനമായിരിക്കരുതെന്ന് ഫ്ലോറൻസ് പഗ് കാണികളോട് പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ സസ്പെൻഡ് ചെയ്യണമെന്ന് എറിക് കാന്റോണ ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടു.
പാശ്ചാത്യ മാധ്യമങ്ങളുടെ നിശബ്ദതയെക്കുറിച്ച് ശക്തമായി മെഹ്ദി ഹസൻ അപലപിച്ചു. പാശ്ചാത്യ മാധ്യമങ്ങൾ കള്ളം പറയുകയും കൃത്രിമം കാണിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും പെരുപ്പിച്ച് കാണിക്കുകയും ചെയ്തെന്ന് അവർ ആരോപിച്ചു.
ഫലസ്തീൻ സഹപ്രവർത്തകരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ഒന്നും പറയാത്ത പാശ്ചാത്യ പത്രപ്രവർത്തകരോട് ലജ്ജ തോന്നുന്നുവെന്ന് അവർ കൂട്ടിച്ചർത്തു. ഫലസ്തീൻ പത്രപ്രവർത്തകർ നമ്മളിൽ ഏറ്റവും മികച്ചവരാണ്. അവർ ഒരു യുദ്ധമോ വംശഹത്യയോ മാത്രമല്ല, സ്വന്തം ഉന്മൂലനവും പട്ടിണിയും തത്സമയം രേഖപ്പെടുത്തുന്നു. സത്യത്തെ ബോംബിട്ട് ഇല്ലാതാക്കാൻ കഴിയില്ലെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും അവർ പറഞ്ഞു.
ഗസ്സയിലെ മാധ്യമ പ്രവർത്തകർ നേരിടുന്ന അപകടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഫലസ്തീൻ പത്രപ്രവർത്തക യാര ഈദ് ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്തു. 2023 ഒക്ടോബർ മുതൽ 270ലധികം മാധ്യപ്രവർത്തകർ കൊല്ലപ്പെട്ടു. ഞങ്ങൾ വലിയ അപകടസാധ്യതയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഞങ്ങളുടെ ശബ്ദങ്ങൾ നിശബ്ദമാക്കാൻ കഴിയില്ല. ലോകം സത്യം കാണണംമെന്നും അവർ പറഞ്ഞു.
ഫലസ്തീൻ-ചിലിയൻ ഗായിക എലിയാനയുടെ ഹൃദയസ്പർശിയായ പ്രകടനത്തോടെയാണ് പരിപാടി അവസാനിച്ചത്. ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം കരസേനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഫണ്ട് ശേഖരണം നടക്കുന്നത്. ക്ഷാമം, കൂട്ട കുടിയിറക്കം, മെഡിക്കൽ സേവനങ്ങളുടെ തകർച്ച എന്നിവയെക്കുറിച്ച് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ 65,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

