Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രെക്സിറ്റ് ‘മതിൽ’ പൊളിയുന്നു; ബന്ധം പുനഃസ്ഥാപിക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂനിയനും

text_fields
bookmark_border
ബ്രെക്സിറ്റ് ‘മതിൽ’ പൊളിയുന്നു; ബന്ധം പുനഃസ്ഥാപിക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂനിയനും
cancel

ബ്രസൽസ്: ബ്രെക്സിറ്റ് ഹിതപരിശോധന നടന്ന് പത്തുവർഷത്തിനുശേഷം ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക കരാറിൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും ധാരണയായി. വ്യാപാരം, യുവജനങ്ങളുടെ തൊഴിൽ-താമസ സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഇരുപക്ഷവും ധാരണയിലെത്തിയത്. വെള്ളിയാഴ്ച ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പങ്കെടുത്ത ചർച്ചകൾക്കൊടുവിലാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചർച്ചകൾ പൂർത്തിയായെന്നും ധാരണയായ വിഷയങ്ങളിൽ കരാർ ഉറപ്പിച്ചെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത് ബ്രിട്ടനും യൂറോപ്പിനും ഒരുപോലെ നേട്ടമുണ്ടാക്കുന്ന ദിവസമാണെന്നും ഇരുഭാഗങ്ങളിലെയും ജനങ്ങൾക്ക് കരാറിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്നും ബേൺഹാം പറഞ്ഞു.

ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുത്തിയ പ്രക്രിയയായിരുന്നു ബ്രെക്സിറ്റ്. രാജ്യത്തിന് കനത്ത നഷ്ടവും രാഷ്ട്രീയ അനിശ്ചിതത്വവുമുണ്ടാക്കിയ പ്രസ്തുത നീക്കത്തിൽനിന്നുള്ള പിന്മാറ്റമായിട്ടാണ് യൂറോപ്യൻ യൂനിയനുമായുള്ള ബ്രിട്ടന്റെ ചർച്ചകൾ വിലയിരുത്തപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെയും മൃഗജന്യ ഉൽപന്നങ്ങളുടെയും വ്യാപാരം സുഗമമാക്കുക, യുവജനങ്ങൾക്ക് പരസ്പരം താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുക, കാർബൺ ബഹിർഗമന വ്യാപാര സംവിധാനങ്ങളെ ബന്ധിപ്പിക്കുക എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് ഇപ്പോൾ ധാരണയായത്. പുതിയ ക്രമീകരണപ്രകാരം യൂറോപ്യൻ യൂനിയനിലെ ഒരു ലക്ഷം യുവജനങ്ങൾക്ക് ബ്രിട്ടനിൽ മൂന്നുവർഷംവരെ താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കും. സമാനമായ സൗകര്യം ബ്രിട്ടീഷ് യുവജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ ലഭ്യമാകും.

അതേസമയം, കരാർ സംബന്ധിച്ച ധാരണയായെങ്കിലും പൂർണമായി നടപ്പാക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണ്. ഓരോ രാജ്യത്തെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ചില വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും ബ്രിട്ടീഷ് സർക്കാർ വക്താവ് വ്യക്തമാക്കി. ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാമെന്നാണ് വിലയിരുത്തൽ.

2016ലെ ഹിതപരിശോധനയിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടാൻ തീരുമാനിച്ചത്. 2020ൽ ബ്രിട്ടൻ യൂനിയനിൽനിന്ന് പുറത്തുപോയി. ഇതോടെ വ്യാപാരം, തൊഴിൽ, യാത്ര തുടങ്ങിയ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Britain and the European Union reset ties
Next Story