സംഗീത പരിപാടിക്കുള്ള യാത്രക്കിടെ യുവഗായിക വിമാനാപകടത്തിൽ മരിച്ചു
text_fieldsബ്രസീലിയ: ബ്രസീലിയൻ യുവഗായിക മരീലിയ മെഡോസ വിമാനാപകടത്തിൽ മരിച്ചു. മരീലിയും മാനേജറും സഞ്ചരിച്ച ചെറുവിമാനം മിനാസ് ജെറിസ് സംസ്ഥാനത്തെ ചെറുനഗരത്തിൽ തകർന്നു വീഴുകയായിരുന്നു. മരീലിയുടെ പ്രൊഡ്യൂസർ ഹെൻറിക്വി റിബേറിയ, സഹായി അബിസിലി സിൽവേരിയ എന്നിവരും അപകടത്തിൽ മരിച്ചു. വിമാനത്തിന്‍റെ പൈലറ്റിനും സഹപൈലറ്റിനും അപകടത്തിൽ ജീവൻ നഷ്ടമായി.
അപകടത്തിന്‍റെ കാരണത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവർ ആന്‍റിനയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രാദേശിക പൊലീസ് മേധാവി ഇവാൻ ലാപസാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെ ഭാഗങ്ങൾ സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത്.
ബ്രസീലിന്‍റെ തനത് സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ ആധുനികകാല പ്രചാരകയായിരുന്നു മരീലിയ. ബ്രസീലിയൻ നഗരമായ കാരതിങ്കയിൽ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീത പരിപാടിക്കായാണ് അവർ യാത്ര തിരിച്ചത്.2019ലെ ലാറ്റിൻ ഗ്രാമി അവാർഡ് നേടിയ മരീലിയക്ക് വൻ ആരാധകവൃന്ദവും സ്വന്തമായുണ്ട്. യുട്യൂബിൽ രണ്ട് കോടി ഫോളോവേഴ്സും സ്പോട്ടിഫൈയിൽ എൺപത് ലക്ഷം ശ്രോതാക്കളും മരീലിയക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

