സുവിശേഷ ഗായകൻ പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു -വിഡിയോ
text_fieldsറയോ ഡി ജനീറോ: യുവ സുവിശേഷ ഗായകൻ ഗാനാലാപന പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയൻ സുവിശേഷ ഗായകനായ പെഡ്രോ ഹെന്റിക്വസാണ് ലൈവ് പെർഫോർമൻസിനിടെ മരിച്ചത്.
ബ്രസീലിലെ വടക്കുകിഴക്കൻ നഗരമായ ഫെയ്റ ഡി സന്റാനയിലെ മതചടങ്ങിനിടിയിൽ തന്റെ ഹിറ്റ് ഗാനമായ ‘വയ് സേർ തയാവോ ലിൻഡോ’ ആലപിക്കവെയാണ് 30കാരനായ പെഡ്രോ കുഴഞ്ഞുവീണത്. ഗാനം പകുതിയെത്തിയപ്പോഴാണ് പാടിക്കൊണ്ടിരിക്കെ പിന്നിലേക്ക് കുഴഞ്ഞുവീണത്. സ്റ്റേജിന്റെ മുന്നിൽനിന്ന് പാടുന്നതിനൊപ്പം കാണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു സംഭവം.
ബാൻഡ് സംഘത്തിലെ അംഗങ്ങളും ചടങ്ങിനെത്തിയ നൂറുകണക്കിനാളുകളും ഞെട്ടിത്തരിച്ചുനിൽക്കേ, സംഘാടകർ ഓടിയെത്തി പെഡ്രോയെ ഉടൻ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പെഡ്രോയുടെ ബാൻഡ് സംഘം പിന്നീട് അറിയിച്ചു. പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞുവീഴുന്ന രംഗങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
‘ജീവിതത്തിൽ ഒരു വിശദീകരണവും നൽകാൻ കഴിയാത്ത ഇത്തരം ദുർഘട നിമിഷങ്ങളുണ്ടാകാറുണ്ട്. ദൈവത്തിന്റെ തീരുമാനം അംഗീകരിക്കുകയെന്നതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ’ -ടോദാ മ്യൂസിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹെന്റിക് വളരെ ഊർജസ്വലനായ ചെറുപ്പക്കാരനായിരുന്നു. എല്ലാവരുടെയും സുഹൃത്തുമായിരുന്നു അവൻ’ -കുറിപ്പിൽ ചൂണ്ടിക്കാട്ടി. പെഡ്രോക്ക് ഭാര്യയും ഒരു മകളുമുണ്ട്. ഒക്ടോബർ 19നാണ് മകൾ സോ ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

