വ്യാജപ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല; ബ്രസീലിൽ ടെലഗ്രാമിന് നിരോധനം
text_fieldsമെസേജിങ് ആപ്പായ ടെലഗ്രാമിന് ബ്രസീലിൽ നിരോധിച്ചു. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആപ്പ് നിരോധിച്ചത്. തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജയ്ർ ബൊൽസനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമമാണ് ടെലഗ്രാം. തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന നിർദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് രാജ്യവ്യാപകമായി ടെലഗ്രാം നിരോധിക്കാൻ ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് നിർദേശം നൽകിയത്.
ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബോൽസനാരോ നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാൻ ടെലഗ്രാമിൽ പുതിയ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനിടെയാണ് നിരോധനം. 'ബ്രസീലിയൻ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ നിരന്തരമായി പരാജയപ്പെടുന്നതും പൂർണമായും നിയമവാഴ്ചക്കെതിരാണ്' -ജഡ്ജി പറഞ്ഞു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചതിനെതിരെ ബൊൽസനാരോക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അത് നടപ്പാക്കാത്തത് നിരോധന ഉത്തരവിൽ കോടതി എടുത്തുപറഞ്ഞു. കേസിൽ തനിക്കെതിരെ വ്യക്തിപരമായ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ബൊൽസനാരോ പരസ്യമായി രംഗത്തെത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ നിരോധന ഉത്തരവ് നടപ്പാക്കാനാണ് മൊറേസ് നാഷണൽ ടെലികമ്മ്യൂണിക്കേഷൻ ഏജൻസിക്ക് നിർദേശം നൽകിയിരിക്കുന്നത്.
തെറ്റായ പ്രചാരണങ്ങൾ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ബൊൽസനാരോയുടെ പല പോസ്റ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ടെലഗ്രാമിൽ പ്രചാരണം ശക്തമാക്കാൻ ബൊൽസനാരോ നീക്കം തുടങ്ങിയത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കോടതി ആപ്പ് നിരോധിച്ചത്.
തീരുമാനം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പൊളിറ്റിക്കൽ അനലിസ്റ്റും ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ പാബ്ലോ ഒർട്ടെല്ലാഡോ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

