പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് ബ്രസീൽ ജനത; ഏറ്റുമുട്ടൽ ഇടത് നേതാവ് ലുലയും തീവ്ര വലത് സ്ഥാനാർഥി ഫ്ലാവിയോയും തമ്മിൽ
text_fieldsബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നയാൾ
ബ്രസീലിയ: ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന്റെയും മേഖലയുടെ തന്നെ ഗതി മാറ്റിമറിക്കാൻ സാധ്യതയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് ബ്രസീലിയൻ ജനത. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പിൽ 16 കോടി ജനങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബോൾസൊനാരോ കുടുംബത്തിൽ നിന്നുള്ള തീവ്ര വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസൊനാരോയുമാണ് ജനവിധി തേടുന്നത്. ആഭ്യന്തര സുരക്ഷ പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥ, അഴിമതിക്കേസ് അന്വേഷണങ്ങൾ തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയങ്ങൾ.
വർക്കേഴ്‌സ് പാർട്ടി (പി.ടി) പ്രതിനിധിയായാണ് 80കാരനായ പ്രസിഡന്റ് ലുല മത്സരിക്കുന്നത്. 2003 മുതൽ 2011 വരെ രണ്ടുതവണ ബ്രസീലിനെ നയിച്ച അദ്ദേഹം, 2023ൽ വീണ്ടും അധികാരത്തിൽ എത്തുകയും ഇപ്പോൾ നാലാം ഊഴത്തിനായി മത്സരിക്കുകയുമാണ്.
വലതുപക്ഷ ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത് 45 വയസ്സുള്ള ഫ്ലാവിയോയാണ്. മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മൂത്ത മകനാണ് ഇദ്ദേഹം. റിയോ ഡി ജെനീറോയിൽ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ച ഫ്ലാവിയോ, ആദ്യ ഘട്ട വോട്ടെടുപ്പിൽ തന്നെ വിജയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ബ്രസീലിയൻ ജനതയെ ദുരിതങ്ങളിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് മെഷീനിൽ നടത്തുന്ന വോട്ടെടുപ്പ് അവസാനിച്ചാൽ മൂന്ന് മണിക്കൂറിനകം ഫലം പ്രഖ്യാപിക്കും. യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. ആദ്യ ഘട്ടത്തിൽ പകുതിയിലധികം (50 ശതമാനത്തിലധികം) വോട്ട് നേടുന്ന സ്ഥാനാർഥി വിജയിക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ട് സ്ഥാനാർഥികൾ 25ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനെ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

