ബോണ്ടി ബീച്ച് ആക്രമണം: ഫലസ്തീനെ ബന്ധിപ്പിക്കുന്ന നെതന്യാഹുവിന്റെ പ്രസ്താവന തള്ളി ആസ്‌ട്രേലിയൻ പ്രധാനമന്ത്രി
text_fieldsമെൽബൺ: ഈ വർഷമാദ്യം ആസ്‌ട്രേലിയ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന സെമിറ്റിക് വിരുദ്ധ ഭീകരാക്രമണത്തിന് കാരണമായതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണം ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തള്ളിക്കളഞ്ഞു.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, ആന്റണി അൽബനീസിനോട് ആ അംഗീകാരവും ബോണ്ടിയിലെ കൂട്ടക്കൊലയും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല, അങ്ങനെയുള്ളതായി അറിയില്ല’ എന്നായിരുന്നു അൽബനീസിന്റെ മറുപടി. പശ്ചിമേഷ്യയിലെ മുന്നോട്ടുള്ള വഴിയായി ലോകത്തിലെ ഭൂരിഭാഗവും ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്നുവെന്നും അൽബനീസ് പറഞ്ഞു.
‘ബലഹീനതയെ ബലഹീനത കൊണ്ടും പ്രീണനത്തെ കൂടുതൽ പ്രീണനത്തിലൂടെയും മാറ്റിസ്ഥാപിച്ചു’ എന്ന നെതന്യാഹുവിന്റെ ആരോപണത്തോട് അൽബനീസ് പ്രത്യക്ഷമായി പ്രതികരിച്ചില്ല.
‘ഇത് ദേശീയ ഐക്യത്തിന്റെ ഒരു നിമിഷമാണ്. അവിടെ നമ്മൾ ഒത്തുചേരേണ്ടതുണ്ട്. അസാധാരണവും ദുഷ്‌കരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ജൂത സമൂഹത്തിലെ അംഗങ്ങളുമായി നാം കൈകോർക്കണം. എന്റെ ജോലി ഈ ദുഷ്‌കരമായ സമയത്ത് ആസ്‌ട്രേലിയക്കാർ ജൂത സമൂഹത്തോടൊപ്പം നിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുക എന്നതാണ്’ എന്ന് അൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ കഴിഞ്ഞ ദിവസം ഹനുക്കയുടെ മതപരമായ ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ രണ്ട് തദ്ദേശീയ പുരുഷന്മാർ വെടിയുതിർത്തതിനെ തുടർന്ന് പതിനഞ്ച് ജൂതന്മാർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അധിനിവേശ ഫലസ്തീനിലെ ആസ്‌ട്രേലിയൻ നയതന്ത്രജ്ഞരുടെ വിസ ഇസ്രായേൽ റദ്ദാക്കിയ ആഗസ്റ്റ് മുതൽ ആസ്‌ട്രേലിയയും ഇസ്രായേലും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ടുണ്ട്. ഫലസ്തീനിനെ അംഗീകരിക്കാനുള്ള ആസ്‌ട്രേലിയയുടെ തീരുമാനത്തോടെ അത് കടുത്തു. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഏകോപിത അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമാണ് അതെന്നാണ് ആസ്‌ട്രേലിയൻ സർക്കാർ പറഞ്ഞത്. എന്നാൽ, നെതന്യാഹു ഈ നീക്കത്തെ ‘ഭീകരതക്കുള്ള പ്രതിഫലം’ എന്ന് ആക്ഷേപിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

