Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൊളീവിയയിൽ...

ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റോഡ്രിഗോ പാസ്

text_fields
bookmark_border
ബൊളീവിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റോഡ്രിഗോ പാസ്
cancel

ലാ പാസ്: രാജ്യത്ത് ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ബൊളീവിയൻ പ്രസിഡന്റ് റോഡ്രിഗോ പാസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ റോഡ് ഉപരോധങ്ങൾ നീക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഈ അടിയന്തര നടപടി.

ഉപരോധം മൂലം രാജ്യത്ത് ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും കിട്ടാനില്ലാതെ ജനജീവിതം പൂർണ്ണമായി സ്തംഭിച്ച പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പുതിയ ഉത്തരവിലൂടെ റോഡ് ഉപരോധങ്ങൾ മാറ്റാൻ സൈന്യത്തെയും പൊലിസിനെയും വിന്യസിക്കാനുള്ള വിപുലമായ അധികാരം പ്രസിഡന്റിന് ലഭിക്കും. ഭരണഘടനയനുസരിച്ച് 72 മണിക്കൂറിനുള്ളിൽ ബൊളീവിയൻ പാർലമെന്റ് (കോൺഗ്രസ്) ഈ അടിയന്തരാവസ്ഥക്ക് അംഗീകാരം നൽകേണ്ടതുണ്ട്.

രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനായ 'ബൊളീവിയൻ വർക്കേഴ്‌സ് കോൺഫെഡറേഷനുമായി' സർക്കാർ ചർച്ച നടത്തി ധാരണയിലെത്തിയതായി പ്രസിഡന്റ് അറിയിച്ചെങ്കിലും,മണിക്കൂറുകൾക്ക് ശേഷം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം സംഘടനകൾ.

ഏപ്രിൽ അവസാനത്തോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പ്രസിഡന്റ് പാസ് നിർദേശിച്ച ലാൻഡ് റീഫോം പദ്ധതിയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഈ പരിഷ്കാരങ്ങൾ വലിയ ഭൂവുടമകൾക്ക് ചെറുകിട കർഷകരുടെ ഭൂമി എളുപ്പത്തിൽ വാങ്ങിക്കൂട്ടാൻ വഴിയൊരുക്കുമെന്ന് വിമർശനം ഉയർന്നിരുന്നു. കർഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം പിന്നീട് ഖനി തൊഴിലാളികളും തദ്ദേശിയ വിഭാഗങ്ങളും ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് പദ്ധതി പിൻവലിച്ചുവെങ്കിലും ദീർഘകാലമായി നിലനിന്നിരുന്ന ഇന്ധന സബ്സിഡി വെട്ടിക്കുറച്ചതടക്കമുള്ള മറ്റ് സർക്കാർ നടപടികളോടുള്ള പ്രതിഷേധങ്ങളും ഉയർന്നതോടെ സമരം ശക്തമായി. ഇതിനകം തന്നെ നിരവധി പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് പ്രതിസന്ധിയെന്ന് പ്രസിഡന്റ് പറയുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭരണഘടനാ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുമെന്നും പ്രസിഡന്റ് റോഡ്രിഗോ പാസ് വ്യക്തമാക്കി. ഇടതുപക്ഷ നേതാവായ മുൻ പ്രസിഡന്റ് ഇവോ മൊറേൽസാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും പാസ് ആരോപിച്ചു.

എന്നാൽ മുൻ പ്രസിഡന്റ് അത് നിഷേധിച്ചു. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാൻ വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെയും പ്രക്ഷോഭകരുടെയും ആക്ഷേപം. കഴിഞ്ഞ മാസം പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പ്രതിഷേധങ്ങൾ അടിച്ചമർത്താനും സൈനികരെ വിന്യസിക്കാനും എളുപ്പമാക്കുന്ന ഒരു ബിൽ കോൺഗ്രസ് പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State of emergencyworlddeclaredBolivian President
News Summary - Bolivian President Rodrigo Paz declares state of emergency
Next Story