ഇടതിനെ കൈവിട്ട് ബൊളീവിയ; റോഡ്രിഗോ പാസിന് ജയം
text_fieldsപാസ്: പതിറ്റാണ്ടുകളായി ഇടത്, സോഷ്യലിസ്റ്റ് ഭരണത്തിലായിരുന്ന ബൊളീവിയയിൽ വലത് മിതവാദ നേതാവ് റോഡ്രിഗോ പാസ് പ്രസിഡന്റ്.
രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീണ്ട തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് 54.6 ശതമാനം വോട്ടുകൾ നേടിയാണ് അധികാരം പിടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും 2006 മുതൽ ഭരണകക്ഷിയായ ‘മാസ്’ പാർട്ടിക്കുള്ളിലെ ഉൾപ്പോരുമാണ് ഭരണമാറ്റം എളുപ്പമാക്കിയത്. രാജ്യത്തെ വിശാലമായ അന്താരാഷ്ട്ര നിക്ഷേപത്തിന് തുറന്നുകൊടുക്കുമെന്നും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം റോഡ്രിഗോ പാസ് പറഞ്ഞു.
എതിരാളിയായ ടുട്ടോ ക്വിറോഗക്കു മേൽ ഒന്നാം ഘട്ടത്തിലും റോഡ്രിഗോ മേൽക്കൈ നേടിയിരുന്നെങ്കിലും കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടർന്നായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. ഇടതുപക്ഷ വോട്ടർമാർക്കുകൂടി താൽപര്യമുള്ള മിതവാദ രാഷ്ട്രീയമാണ് 58കാരനായ റോഡ്രിഗോക്ക് വിജയമൊരുക്കിയത്.
നാണയപ്പെരുപ്പം, ഇന്ധനത്തിനായി പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂ, യു.എസ് ഡോളറുകളുടെ കുറവ് എന്നിവ ബൊളീവിയയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മുമ്പ് രാജ്യത്തിന് വൻതോതിൽ സാമ്പത്തിക മികവ് നൽകിയ പ്രകൃതിവാതക വിൽപനയും കുത്തനെ കുറഞ്ഞിട്ടുണ്ട്. യു.എസുമായി പ്രശ്നങ്ങളെ തുടർന്ന് സമീപകാലത്ത് ബൊളീവിയ ലോക രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു. റോഡ്രിഗോ പാസ് എത്തുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

