ബോകോ ഹറം തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ മോചിപ്പിച്ചു
text_fieldsഅബൂജ: വടക്കൻ നൈജീരിയയിലെ കത്സീന നഗരത്തിൽനിന്ന് ബോകോ ഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുന്നൂറിലേറെ വിദ്യാർഥികളെ മോചിപ്പിച്ചു. 350 കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ 340 പേർ തിരിച്ചെത്തിയതായി വാർത്ത എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഈമാസം 11നാണ് കത്സീന സംസ്ഥാനത്തെ കങ്കാരയിലുള്ള സെക്കൻഡറി സ്കൂളിൽനിന്ന് അജ്ഞാതരായ തോക്കുധാരികൾ 350 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിെൻറ ഉത്തരവാദിത്തം ബോകോ ഹറം തീവ്രവാദ സംഘടന പിന്നീട് ഏറ്റെടുത്തു. തൊട്ടടുത്ത സംസ്ഥാനത്തെ റഗു കാട്ടിലേക്കാണ് കുട്ടികളെ കൊണ്ടുപോയിരുന്നത്. 344 കുട്ടികളെ മേചിപ്പിക്കാൻ സാധിച്ചതായി കത്സീന ഗവർണർ ആമിനു ബെല്ലോ മസാരി അറിയിച്ചു.
സുരക്ഷസേന പ്രദേശം വളഞ്ഞ് തീവ്രവാദികളുമായി മോചന ചർച്ച നടത്തിവരുകയായിരുന്നു. സൈന്യം വെടിയുതിർക്കാത്തതിനാൽ ഏറ്റുമുട്ടലുണ്ടായില്ല. ഇന്നലെ ട്രക്കുകളിലായി തലസ്ഥാനത്ത് തിരിച്ചെത്തിയ കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
2014ൽ ബോറോ ഹറം 270 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. നൈജീരിയയുടെ വടക്കൻ മേഖലയിൽ ബോകോ ഹറം തീവ്രവാദികളുടെ പ്രവർത്തനം ശക്തമാണ്.