ഉറ്റവരെ തേടി ഫലസ്തീനികൾ; 17 ദിവസത്തെ തെരച്ചിലിനൊടുവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത് 105 മൃതദേഹങ്ങൾ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർന്നു വീണ പാർപ്പിട സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 105 ഫലസ്തീനികളുടെ മൃതദേഹങ്ങളും ഭൗതികാവശിഷ്ടങ്ങളും വീണ്ടെടുത്തു. 17 നീണ്ട ദിവസത്തെ തെരച്ചിലിനൊടുവിലാണ് സിവിൽ ഡിഫൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തീർത്തും തകർന്നടിഞ്ഞ അൽ താജ് പ്രദേശത്ത് ബന്ധുക്കൾ തടിച്ചുകൂടുകയും, രക്ഷാപ്രവർത്തകർ വരിവരിയായി കിടത്തിയ മൃതദേഹങ്ങൾക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. ഈജിപ്ഷ്യൻ കമ്മിറ്റിയുമായി സഹകരിച്ചാണ് സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്.
'സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ പൂർണ അവകാശമുള്ള സാധാരണക്കാരായ മനുഷ്യരാണ് ഇവർ,' - സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. ഗസ്സയിലെ സാധാരണക്കാരുടെ ജീവന് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
ആക്രമണത്തിൽ തന്റെ മകളും ഫിസിഷ്യനുമായ ഡോ. അലിയ റംസി അൽ ഹനാവിയും ഭർത്താവും നാല് കുട്ടികളും കൊല്ലപ്പെട്ടതായി ദുരന്തമുഖത്തുണ്ടായിരുന്ന തഖ്‌രീദ് അൽ ഹനാവി പറഞ്ഞു. "ഇവരുടെ കുടുംബം സിവിൽ രജിസ്ട്രിയിൽ നിന്ന് പൂർണമായി തുടച്ചുനീക്കപ്പെട്ടു. ഇന്ന് ആ മുറിവ് വീണ്ടും തുറക്കപ്പെട്ടെങ്കിലും, ഒടുവിൽ അവരുടെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റെടുക്കാനും മാന്യമായി ഖബറടക്കാനും എനിക്ക് സാധിച്ചു," അവർ വിതുമ്പലോടെ പറഞ്ഞു.
പാർപ്പിട സമുച്ചയത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ ഏകദേശം 300 പേർ കൊല്ലപ്പെട്ടിരുന്നുവെന്നും, ഇനിയും നിരവധി പേരുടെ മൃതദേഹങ്ങളും കാണാതായവരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്താനുണ്ടെന്നും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഫവാസ് സിയാര വ്യക്തമാക്കി.
2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 1,431 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2023 ഒക്ടോബർ 8 മുതൽ ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 175,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനത്തോളവും തകർക്കപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

