ശെയ്ഖ് ഹസീന, ഗംഗാ നദീജല കരാർ, മെഡിക്കൽ വിസ, അതിർത്തി സുരക്ഷ; ഇന്ത്യാസമീപനത്തിൽ ബി.എൻ.പി സർക്കാറിന്‍റെ പരിഗണനാ വിഷയങ്ങൾ ഇങ്ങനെ...
text_fieldsധാക്ക: ബംഗ്ലാദേശിൽ അധികാരമേൽക്കാൻ ഒരുങ്ങുന്ന ബി.എൻ.പി സർക്കാരിന്റെ ഇന്ത്യയോടുള്ള സമീപനത്തിൽ, അതിർത്തിയിലെ വെടിവെപ്പ് അവസാനിപ്പിക്കുക, ഗംഗാ നദീജല കരാർ പുതുക്കൽ, മുൻപ്രധാനമന്ത്രി ശെയ്ഖ് ഹസീനക്ക് അഭയം നൽകിയതുമുൾപ്പെടെയുള്ള വിഷയങ്ങൾ മുൻഗണനയിലെന്ന് റിപ്പോർട്ട്. ഇവയ്ക്ക് പുറമെ മെഡിക്കൽ വിസകളുടെ എണ്ണം വർധിപ്പിക്കാനും പുതിയ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചേക്കുമെന്ന് ബി.എൻ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ഹിന്ദു റിപ്പോർട്ട് ചെയ്തു.
മുൻ പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതും ബംഗ്ലാദേശിലെ ആഭ്യന്തര കാര്യങ്ങളിൽ അവർ നടത്തുന്ന പ്രതികരണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാണെന്ന് ബി.എൻ.പി കരുതുന്നു. ഈ വിഷയം ഇന്ത്യ അടിയന്തരമായി കൈകാര്യം ചെയ്യണമെന്ന് ബി.എൻ.പി വൃത്തങ്ങൾ ആവശ്യപ്പെടുന്നു.
അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) നടത്തുന്ന വെടിവെപ്പും കൊലപാതകങ്ങളും ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്, പ്രത്യേകിച്ച് സർവകലാശാല കാമ്പസുകളിൽ. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വ്യക്തമായ അതിർത്തി നിർണയം കഴിഞ്ഞതാണെന്നും, അതിനാൽ അതിർത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലുന്നതിന് പകരം അറസ്റ്റ് ചെയ്യുന്ന രീതിയിലുള്ള മാനുഷിക സമീപനം സ്വീകരിക്കണമെന്നും ബി.എൻ.പി ആവശ്യപ്പെടുന്നു.
1996ൽ ഒപ്പുവെച്ച ഗംഗാ ജല ഉടമ്പടി 2026 ഡിസംബറിൽ അവസാനിക്കും. ഇത് പുതുക്കുന്നതിനുള്ള ചർച്ചകൾക്ക് ബി.എൻ.പി മുൻഗണന നൽകും. ഇതിനായുള്ള സാങ്കേതിക സമിതികൾ കഴിഞ്ഞ രണ്ട് വർഷമായി യോഗം ചേർന്നിട്ടില്ല എന്നത് വെല്ലുവിളിയാണ്. നീതിയുക്തമായ രീതിയിൽ ഈ കരാർ പുതുക്കണമെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.
ബംഗ്ലാദേശിൽനിന്ന് ചികിത്സക്കായി ഇന്ത്യയിലേക്ക് വരുന്നവർക്ക് നൽകുന്ന മെഡിക്കൽ വിസകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ബി.എൻ.പി ആവശ്യപ്പെടുന്നു. വിസ ലഭിക്കാൻ പ്രയാസമുണ്ടായാൽ ആളുകൾ ചൈനയെപ്പോലുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുമെന്നും, എന്നാൽ സാംസ്കാരിക സാമ്യമുള്ളതിനാൽ ഇന്ത്യയിൽ ചികിത്സ തേടുന്നതാണ് ബംഗ്ലാദേശികൾക്ക് കൂടുതൽ സൗകര്യപ്രദമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ, താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി വൻ ഭൂരിപക്ഷത്തോടെ ജയിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുകയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ തന്നെ, അതിർത്തി സുരക്ഷ, നദീജലം പങ്കിടൽ, ശെയ്ഖ് ഹസീനയുടെ അഭയം എന്നീ കാര്യങ്ങളിൽ കർശന നിലപാടുകളാകും പുതിയ ബി.എൻ.പി സർക്കാർ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

