Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശതകോടീശ്വരന്മാരെ പൂജിച്ച കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള പ്രഹരമാണ് 'ബ്ലൂ വേവ്'; മംദാനി

text_fields
bookmark_border
ശതകോടീശ്വരന്മാരെ പൂജിച്ച കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള പ്രഹരമാണ് ബ്ലൂ വേവ്; മംദാനി
cancel

ന്യൂയോർക്ക്: യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേടിയ വൻ വിജയം (ബ്ലൂ വേവ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനവിരുദ്ധ നിലപാടുകൾക്കുമുള്ള കൃത്യമായ ജനവിധിയാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന ഈ രാഷ്ട്രീയ മുന്നേറ്റം അമേരിക്കയിലുടനീളമുള്ള സാധാരണക്കാരുടെ വിജയമാണെന്ന് മംദാനി അഭിപ്രായപ്പെട്ടു. "രാജ്യത്തെ ശതകോടീശ്വരന്മാർ ചോദിക്കുന്നതൊക്കെ ചെയ്തു കൊടുക്കുകയും, എന്നാൽ അധ്വാനിക്കുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അപ്രായോഗികമാണെന്ന് പറയുകയും ചെയ്ത രാഷ്ട്രീയക്കാർക്കെതിരെയുള്ള റഫറണ്ടമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ജനങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കാൻ ഇനിയും രണ്ടു വർഷത്തെ സമയം ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനുള്ള വ്യക്തമായ മറുപടി കൂടിയാണിത്," അദ്ദേഹം വ്യക്തമാക്കി.

ശതകോടീശ്വരന്മാരുടെ പണത്തിന് മുന്നിൽ മുട്ടുമടക്കുന്ന രാഷ്ട്രീയക്കാരുടെ വാക്കുകളിൽ അമേരിക്കൻ ജനതയ്ക്ക് മടുപ്പുളവാക്കിയിട്ടുണ്ടെന്ന് മിഡ്‌ടേം ഫലങ്ങൾ തെളിയിക്കുന്നു. ഒരു പുതിയ തലമുറയ്ക്കാണ് അമേരിക്കൻ ജനത അധികാരം നൽകിയിരിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാനും, യുദ്ധങ്ങൾക്കും ബോംബുകൾക്കും പകരം നിർമ്മാണങ്ങൾ നടത്താനും, തങ്ങളെ വിശ്വസിച്ച സാധാരണക്കാരെ ഒരിക്കലും വഞ്ചിക്കാതിരിക്കാനും ഉത്തരവാദിത്തമുള്ള ഭരണനേതൃത്വമാണ് ഇനി വരാൻ പോകുന്നതെന്ന് മംദാനി ചൂണ്ടിക്കാട്ടി.

ഓസ്റ്റിനിലായാലും ആൻ ആർബറിലായാലും ആസ്റ്റോറിയയിലായാലും അധ്വാനിക്കുന്ന ജന വിഭാഗങ്ങളാണ് ഭൂരിപക്ഷമെന്നും അവരെ മുൻനിർത്തിയാവണം ഇനി അമേരിക്കൻ രാഷ്ട്രീയം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കുക എന്നതാണ് പുതിയ ഭരണസമിതിയുടെ പ്രധാന ദൗത്യം."മണിക്കൂറുകൾ വൈകിയാൽ പോലും വാടകയും കുട്ടികളുടെ പരിചരണച്ചെലവും പലചരക്ക് സാധനങ്ങളുടെ വിലയും താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഇനിയും രണ്ടു വർഷം കാത്തിരിക്കാനാവില്ല. അതിനാൽ തന്നെ ജനങ്ങൾ തന്ന ഈ അധികാരം ഉപയോഗിച്ച് അടിയന്തിരമായി സഹായങ്ങൾ എത്തിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം," എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ന്യൂയോർക്ക് മേയർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Blue wave is a rebuke to corporate politics that worships billionaires': Mamdani
Next Story