ഗസ്സയിൽ ഒരൊറ്റ ദിനത്തിൽ കൊല്ലപ്പെട്ടത് 40ലേറെ പേർ; യു.എൻ ക്ലിനിക്കിലും ബോംബിട്ട് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിലെ യു.എൻ.ആർ.ഡബ്ല്യു.എയുടെ മെഡിക്കൽ സൗകര്യത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 22 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഒരു അഭയർഥി ക്യാമ്പിലും നിരവധി വീടുകളിലും ആക്രമണങ്ങൾ ഉണ്ടായി.
അതിനിടെ, ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ ഗൗരവമേറിയ ചർച്ചകളിലേക്ക് മടങ്ങണമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ആഹ്വാനം ചെയ്തു. ഇപ്പോൾ വേണ്ടത് വെടിനിർത്തലിലേക്കുള്ള മടക്കവും ബന്ദികളുടെയെല്ലാം മോചനവുമാണെന്ന് ഷോൾസ് പറഞ്ഞു. ബെർലിനിൽ ജോർദാന്റെ രാജാവ് അബ്ദുള്ള രണ്ടാമനോടൊപ്പം സംസാരിച്ച ഷോൾസ് ഗസ്സക്ക് കൂടുതൽ മാനുഷിക സഹായം നൽകണമെന്നും യുദ്ധാനന്തര ഉത്തരവ് അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗൗരവമേറിയ ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.
‘ഒരു മാസമായി ഗസ്സയിൽ ഒരു മാനുഷിക സഹായവും എത്തിയിട്ടില്ല. ഇത് തുടരാൻ കഴിയില്ല. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും സ്ഥിതിഗതികൾ സ്ഥിരപ്പെടുത്തുന്ന ഒരു സുസ്ഥിര സമാധാനം രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ കൈവരിക്കാൻ കഴിയൂ’ എന്നും ഷോൾസ് കൂട്ടിച്ചേർത്തു.
വെടിനിർത്തലിലേക്ക് മടങ്ങാനും ഗസ്സയിലേക്ക് സഹായ വിതരണം പുനഃരാരംഭിക്കാനും അബ്ദുള്ള രണ്ടാമൻ ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക ദുരന്തം ഇതിനകം പറഞ്ഞറിയിക്കാനാവാത്ത തലങ്ങളിൽ എത്തിയിരിക്കുന്നു. അത് ഉടനടി പരിഹരിക്കാൻ നടപടി സ്വീകരിക്കണം -അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ചെങ്കടലിന്റെ വടക്കു ഭാഗത്ത് നിരവധി ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യു.എസ് വിമാനവാഹിനിക്കപ്പലായ ട്രൂമാനെ ആക്രമിച്ചതായി ഹൂതി പോരാളികൾ അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളിൽ വാഷിംങ്ടൺ നടത്തിയ 36 റെയ്ഡുകൾക്കുള്ള മറുപടിയായാണ് കപ്പലിൽ ആക്രമണം നടത്തിയതെന്ന് ഹൂതികളുമായി ബന്ധപ്പെട്ട അൽ മസിറ ടി.വി ടെലിഗ്രാം ചാനലും സാബ സ്റ്റേറ്റ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
സന, സദ ഗവർണറേറ്റുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നതായും ഇതിന്റെ ഫലമായി നിരവധി മരണങ്ങളും പരിക്കുകളും ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ഹൊദൈദ മേഖലയിൽ യു.എസ് നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണം.
മാർച്ച് 15ന് ഹൂതി സേനക്കെതിരെ വാഷിംങ്ടൺ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം യെമനിൽ 60 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിന് മറുപടിയായി ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെ ആക്രമണം പുനഃരാരംഭിക്കുമെന്ന് യെമൻ സായുധ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
യു.എസ്.എസ് കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലെ യു.എസ്.എസ് ഹാരി എസ് ട്രൂമാനുമായി ചേരുമെന്ന് പെന്റഗൺ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യു.എസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം രണ്ടെണ്ണമാക്കി ഉയർത്തി.
അതിനിടെ, യൂറോപ്യൻ യൂനിയൻ രാജ്യത്തേക്കുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറുമെന്ന് ഹംഗറി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

