പാക് പള്ളിയിലെ ചാവേർ സ്ഫോടനം; മരണം 46 ആയി
text_fieldsപെഷാവർ: പാകിസ്താനിൽ പെഷാവർ നഗരത്തിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിസുരക്ഷയുള്ള പൊലീസ് ലെയ്ൻ മേഖലയിലെ പള്ളിയിൽ തിങ്കളാഴ്ച ഉച്ച 1.40ഓടെ ളുഹ്ർ നമസ്കാരത്തിനിടെയാണ് സംഭവം. നമസ്കരിക്കുന്നവരുടെ മുൻ നിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റവരിൽ പലരും പൊലീസുകാരും സുരക്ഷ ഉദ്യോഗസ്ഥരുമാണ്. സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകരസംഘടനയായ തഹ്‍രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സംഘടനയുടെ കമാൻഡർ ഉമർ ഖാലിദ് ഖുറസാനി അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അവകാശപ്പെട്ടു.
കനത്ത സുരക്ഷ മറികടന്നാണ് ചാവേർ പള്ളിയിൽ കടന്നത്. സ്ഫോടനം നടക്കുമ്പോൾ മേഖലയിൽ 400ഓളം പൊലീസുകാരുണ്ടായിരുന്നതായി പെഷാവർ സിറ്റി പൊലീസ് ഓഫിസർ മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. ഭീകരാക്രമണത്തെ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ സർദാരിയും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും അപലപിച്ചു.
കഴിഞ്ഞ വർഷം പെഷാവറിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

