ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കറുത്ത പുക; പുതിയ മാർപാപ്പയുടെ കാര്യത്തിൽ തീരുമാനമായില്ല
text_fieldsവത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായുള്ള പാപ്പൽ കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ തീരുമാനമായില്ല. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നതോടെയാണ് പോപ്പിനെ കണ്ടെത്താനായിട്ടില്ല എന്ന് വ്യക്തമായത്. 80 വയസിൽ താഴെയുള്ള 133 കർദിനാളുമാരാണ് വോട്ടെടുപ്പിൽ പങ്കാളികളാവുന്നത്. ഇവരിൽ നാലുപേർ ഇന്ത്യക്കാരാണ്. മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ, ജോർജ് കൂവക്കാട് എന്നിവരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് വോട്ടെടുപ്പ് തുടരാൻ തീരുമാനിച്ചത്. 89 വോട്ടാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.
വോട്ടെടുപ്പ് മൂന്ന് മണിക്കൂറിലോറെ സമയം നീണ്ടു. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ രാത്രി വൈകിയും വൻ ജനക്കൂട്ടം കാത്തുനിന്നിരുന്നു. സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയരുന്നത് വരെ വോട്ടെടുപ്പ് തുടരും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടാംഘട്ട വോട്ടെടുപ്പുണ്ട്.
നാളെ മുതൽ ദിവസവും രാവിലെയും ഉച്ച കഴിഞ്ഞും രണ്ട് വീതം വോട്ടെടുപ്പ് നടക്കും. 2013ൽ രണ്ടാംദിവസത്തെ അവസാനഘട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്തത്.
267ാം മാർപാപ്പയെ ആണ് തെരഞ്ഞെടുക്കാൻ പോകുന്നത്. പുതിയ മാർപാപ്പ ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ ആകുമെന്ന പ്രതീക്ഷയിലാണ് ലോകം.
ഇറ്റാലിയൻ കർദിനാൾ പിയട്രോ പരോളിൻ, ഫിലിപ്പിനോ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർഡോ, ശ്രീലങ്കയിൽ നിന്നുള്ള മാർക്കം രഞ്ജിത്ത്, ഇറ്റലിയിലെ കർദിനാൾ ഫെർനാൻഡോ ഫിലോണി, സ്വീഡനിൽ നിന്നുള്ള കർദിനാൾ ആൻഡേഴ്സ് അർബോറേലിയസ് തുടങ്ങിയവരാണ് പോപ് ആകാനുള്ള സാധ്യതാപട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

