ഇത് കയ്പേറിയ സ്വാതന്ത്ര്യം: മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മൂന്നാംലോക രാജ്യങ്ങളിലേക്കു നാടുകടത്തും
text_fieldsഗസ്സ സിറ്റി: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാടുകടത്തുമെന്ന് റിപ്പോർട്ട്. ഫലസ്തീൻ തടവുകാരുടെ മാധ്യമ ഓഫിസിന്റെ അറിയിപ്പ് വന്നതിനുശേഷം കടുത്ത ഞെട്ടലിലാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവരെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന കുടുംബങ്ങൾ. ഉറ്റവർ ദീർഘകാലമായി കാത്തിരുന്ന സ്വാതന്ത്ര്യം കയ്പേറിയതായി മാറുകയാണെന്ന് അവർ പറയുന്നു.
രണ്ടു വർഷം നീണ്ട വംശഹത്യായുദ്ധത്തിനിടെ ഗസ്സാ മുനമ്പിൽ നിന്നു മാത്രം 1700റോളം പേരെയാണ് ഇസ്രായേൽ തടവറയിലടച്ചത്. അവർ അടക്കം 250തോളം ഫലസ്തീനിയൻ തടവുകാരെയാണ് ഇസ്രായേൽ വിട്ടയക്കുക. അവരിൽ പലരും ഇതിനകം തന്നെ ‘നിർബന്ധിത അപ്രത്യക്ഷമാവലി’ന്റെ ഇരകളായിട്ടുണ്ടെന്ന് യു.എൻ പറയുന്നു. ഈ കരാറിന്റെ ഭാഗമായി 20 ഇസ്രായേലി ബന്ദികളെ ഹമാസും മോചിപ്പിച്ചിട്ടുണ്ട്.
എന്നാൽ, വിട്ടയക്കുന്ന ഫലസ്തീനികളെ എങ്ങോട്ടാണ് നാടുകടത്തുക എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ജനുവരിയിൽ വിട്ടയച്ച ഡസൻ കണക്കിന് തടവുകാരെ തുനീഷ്യ, അൾജീരിയ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു നാടുകടത്തിയത്. തടവുകാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് പൗരത്വ അവകാശങ്ങളുടെ നിഷേധമാണെന്നും കൈമാറ്റ കരാറിനോടുള്ള ഇരട്ടത്താപ്പാണെന്നും നിരീക്ഷകർ പറയുന്നു.
ഇത് അന്യായമാണെന്നും കാരണം അവർ ഫലസതീൻ പൗരൻമാരാണെന്നും മറ്റുള്ള രാജ്യങ്ങളിൽ അവർക്ക് പൗരത്വം ഇല്ലെന്നും ദോഹ ഇൻസറ്റ്റ്റ്യൂട്ട് ഫോൻ ഗ്രാജ്വേററ് സ്റ്റഡീസിലെ പ്രഫസർ തമർ ഖർമൗട്ട് പ്രതികരിച്ചു. ചെറിയ ജയിലിൽ നിന്നും വലിയ ജയിലുകളിലേക്കാണ് അവരെ അയക്കുന്നത്. സ്വന്തം ജനതയിൽ നിന്നും അകലെയുള്ള പുതിയ രാജ്യത്ത് അവർ വലിയ തോതിൽ നിയന്ത്രണങ്ങൾക്ക് വിധേയമാവുമെന്നും അദ്ദേഹം പറഞ്ഞു.
റാമല്ലയിൽനിന്നുള്ള മുഹമ്മദ് ഇംമ്രാൻ എന്ന തടവുകാരനും ഇതിൽ ഉൾപ്പെട്ടതായ വിവരമറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്ന് ബന്ധുക്കൾ അൽജസീറയോട് പറഞ്ഞു. 2022 ഡിസംബറിൽ അറസ്റ്റു ചെയ്ത ഇംമ്രാനെ 13 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. പുറത്താക്കപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഇസ്രായയേലിന്റെ നിയന്ത്രണങ്ങൾ മൂലം അവരെ കാണാൻ രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഹമാസിനെയും മറ്റ് ഫലസ്തീൻ ഗ്രൂപ്പുകളെയും കൈമാറ്റത്തിലൂടെയുള്ള പ്രതീകാത്മക വിജയം നേടുന്നതിൽ നിന്ന് തടയാനും തടവുകാരെ രാഷ്ട്രീയമായോ മറ്റ് പ്രവർത്തനങ്ങളിലോ ഉൾപ്പെടുന്നതിൽ നിന്ന് വിലക്കാനുമാണ് നാടുകടത്തൽ ഉന്നമിടുന്നതെന്ന് ഖർമൗട്ട് നിരീക്ഷിക്കുന്നു.
‘പ്രവാസമെന്നാൽ അവരുടെ രാഷ്ട്രീയ ഭാവിയുടെ അവസാനമാണ്. അവർ എത്തപ്പെടുന്ന രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. അതിനാൽ ഒരു മുന്നണിയിലും സജീവമായി പ്രവർത്തിക്കാൻ കഴിയില്ല. നിർബന്ധിതമായി ഈ നാടുകടത്തൽ അവരുടെ കുടുംബങ്ങൾക്ക് കൂട്ടായ ശിക്ഷ നൽകുന്നതിന് തുല്യമാണെന്നും ഇസ്രായേൽ അവരെ പ്രിയപ്പെട്ടവരിൽ നിന്ന് വേർപെടുത്തുകയാണെന്നും’ അദ്ദേഹം പറഞ്ഞു. അതേസമയം, മോചിതരായ ഇസ്രായേലി തടവുകാർക്ക് ഇസ്രായേലിൽ ജീവിതം പുനഃരാരംഭിക്കാൻ കഴിയുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

