ടോക്യോ: ജപ്പാനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒന്നര ലക്ഷത്തിലേറെ പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു. ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനിബാധയാണ് ഇതെന്നും ജാപ്പനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. സാഹചര്യം അടിയന്തരപ്രാധാന്യത്തോടെ കൈകാര്യംചെയ്യാൻ ആരോഗ്യ വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും പ്രധാനമന്ത്രി ഫൂമിയോ കിഷിദ നിർദേശം നൽകി.
യോകോതെയിലെ ഒരു ഫാമിൽ ചാകുന്ന പക്ഷികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ലാബിൽ പരിശോധന നടത്തിയ 13 സാമ്പിളുകളിൽ പന്ത്രണ്ടിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് വലിയ രോഗവ്യാപനം നടന്നതായി കണ്ടെത്തിയത്. കോഴിയിറച്ചിയും മുട്ടയും കയറ്റിയയക്കുന്നതും താൽക്കാലികമായി നിരോധിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നത് തടയാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.