Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ലാഭം മാത്രം ലക്ഷ്യം,...

'ലാഭം മാത്രം ലക്ഷ്യം, എ.ഐയുടെ അപകടം ടെക് കമ്പനികൾ മറച്ചുവെക്കുന്നു': ബിൽ ഗേറ്റ്സ്

text_fields
bookmark_border
ലാഭം മാത്രം ലക്ഷ്യം, എ.ഐയുടെ അപകടം ടെക് കമ്പനികൾ മറച്ചുവെക്കുന്നു: ബിൽ ഗേറ്റ്സ്
cancel

സിയാറ്റിൽ: തൊഴിൽ മേഖലയ്ക്കും മനുഷ്യന്റെ ജീവനും നിർമിത ബുദ്ധി (എ.ഐ) കടുത്ത ഭീഷണിയാണെന്നും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നതായിരിക്കണം ലോകത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ മുൻഗണനയെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് ടെക് കമ്പനികൾ എ.ഐയുടെ അപകടങ്ങളെ ബോധപൂർവം കുറച്ചുകാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂയോർക്ക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ.

"സാങ്കേതികവിദ്യയുടെ വളർച്ചയും അത് എത്രത്തോളം മെച്ചപ്പെടുന്നുവെന്നതും അറിയാവുന്നവർ സ്വകാര്യ സംഭാഷണങ്ങളിൽ വലിയ ആശങ്ക പങ്കുവെക്കുന്നുണ്ട്. എന്നാൽ വരാനിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ലാഭം നഷ്ടപ്പെടുമെന്ന ഭയത്താൽ ടെക് ഭീമന്മാർ ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ തയ്യാറല്ല"- ഗേറ്റ്സ് പറഞ്ഞു.

നിർമിത ബുദ്ധി ഉയർത്തുന്ന ഭീഷണികളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും വിശദീകരിച്ച് തന്റെ വ്യക്തിഗത വെബ്സൈറ്റിൽ 6000 വാക്കുകളുള്ള ലേഖനവും അദ്ദേഹം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പുതിയ നികുതികൾ ഏർപ്പെടുത്തണമെന്നും ചില മേഖലകളിൽ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ഇതിൽ നിർദേശിക്കുന്നുണ്ട്. ജൈവായുധങ്ങൾ നിർമിക്കാൻ എ.ഐ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള വിനാശകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗേറ്റ്സിന്റെ മുന്നറിയിപ്പ്. നിർമിത ബുദ്ധിയുടെ സമീപകാലത്തെ വളർച്ച തന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയതിനാലാണ് ഇപ്പോൾ പ്രതികരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം, 2021-ലെ വിവാഹമോചനം തുടങ്ങിയ വിവാദങ്ങൾക്ക് ശേഷം വീണ്ടും പൊതുവേദികളിൽ സജീവമാവുകയാണ് 70-കാരനായ ബിൽ ഗേറ്റ്സ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താൻ ഒരുപക്ഷേ ഇതിനെക്കുറിച്ച് സംസാരിക്കാൻ യോഗ്യനല്ലായിരിക്കാം, എന്നാൽ ഒരു ടെക്നോളജിസ്റ്റ് എന്ന നിലയിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നയാൾ എന്ന നിലയിലും എ.ഐ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

മുൻകാലങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങൾ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ കൂടുതൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, എ.ഐയുടെ കടന്നുവരവ് അങ്ങനെയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം അനിവാര്യമാണ്. മനുഷ്യർക്ക് പകരം എ.ഐയെ ഉപയോഗിക്കുന്നതിന് ചിലവേറിയതാക്കാൻ 'ടോക്കൺ ടാക്സ്' (Token Tax) എന്ന പേരിൽ പുതിയ നികുതി ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത് വഴി ലഭിക്കുന്ന പണം തൊഴിൽ നഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഉപയോഗിക്കാം. അതോടൊപ്പം പരിചരണവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ മനുഷ്യന്റെ വൈകാരിക ഇടപെടൽ ആവശ്യമായ ചില തൊഴിലുകൾ മനുഷ്യർക്ക് മാത്രമായി മാറ്റിവെക്കണമെന്നും (Human Reserved) അദ്ദേഹം ആവശ്യപ്പെട്ടു.

ജൈവഭീകരവാദം പോലുള്ള കടുത്ത ഭീഷണികൾ തടയാൻ പുതിയ അന്താരാഷ്ട്ര കരാറുകൾ ആവശ്യമാണ്. ലോകം കണ്ട ഏറ്റവും അപകടകരമായ സാങ്കേതികവിദ്യക്ക് മേൽ കമ്പനികൾ സ്വയം നിയന്ത്രണം (Self-regulation) ഏർപ്പെടുത്തുമെന്ന വാദം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം നിർമിത ബുദ്ധി ഉയർത്തുന്ന ഭീഷണികളും ലോക നേതാക്കളുമായുള്ള ചർച്ചകളിൽ ഉന്നയിക്കുമെന്ന് ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ഒരു സാങ്കേതികവിദ്യാ അനുകൂലിയായിരുന്ന തനിക്ക്, പുതിയ കണ്ടുപിടുത്തങ്ങൾ മനുഷ്യന് ദോഷകരമായി മാറുമെന്ന് പറയേണ്ടി വരുന്നത് വലിയ വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftthreatbilll Gatesartificaial intelligencerisk
News Summary - Bill Gates Warns AI Poses Severe Threat to Jobs and Human Survival
Next Story