ഇക്കാലത്തായിരുന്നു ജനിച്ചിരുന്നെങ്കിൽ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് ബിൽ ഗേറ്റ്സ്
text_fieldsഇക്കാലത്തായിരുന്നു ജനിച്ചിരുന്നുവെങ്കിൽ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയതായും ബിൽഗേറ്റ്സ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. തന്റെ ഓർമക്കുറിപ്പായ സോഴ്സ് കോഡ്: മൈ ബിഗിനിങ്സ് പുറത്തിറങ്ങുന്നതിന് മുന്നോടിയായായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിമുഖം.
മറ്റു കുട്ടികളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു കുട്ടിക്കാലത്ത് തനിക്കെന്നും ബിൽഗേറ്റ്സ് സൂചിപ്പിച്ചു. ആറാംക്ലാസിൽ പഠിക്കുമ്പോൾ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികൾ 10 പേജിനുള്ളിൽ റിപ്പോർട്ട് തയാറാക്കി. എന്നാൽ താനത് 200 പേജുകളിലായാണ് ചെയ്തതെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
തന്റെ കാര്യത്തിൽ അധ്യാപകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. തന്റെ പെരുമാറ്റം മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. ഉയർന്ന ഗ്രേഡ് ക്ലാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും അവർ സംശയിച്ചിരുന്നു.
ചില ആളുകളുടെ മസ്തിഷ്‍കങ്ങളിൽ വിവരം വ്യത്യസ്തമായി ഫോക്കസ് ചെയ്യുന്നുവെന്ന കാര്യം അക്കാലത്ത് മനസിലാക്കിയിരുന്നില്ല. എന്നാൽ ഒരു ജോലിയിൽ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്റെ കരിയറിൽ സഹായിച്ചുവെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ അത് മറച്ചുവെക്കേണ്ട കാര്യമില്ല. എന്നാൽ ഓട്ടിസത്തിൽ നിന്ന് പുറത്തുകടക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിന് വർഷങ്ങളെടുത്തുവെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി. ഓട്ടിസം ഉള്ള കുട്ടികളുടെ തലച്ചോർ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് ഗ്രഹിച്ചെടുക്കുന്നത്. ഓട്ടിസം സാമൂഹിക ആശയവിനിമയം നടത്താനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കുട്ടികളുടെ കഴിവിനെയും ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

