‘മൈക്രോസോഫ്റ്റ് വംശഹത്യക്ക് ശക്തി പകരുന്നു’; കമ്പനിയുടെ ഗോൾഡൻ ജൂബിലി ആഘോഷം തടസ്സപ്പെടുത്തി ഫലസ്തീൻ അനുകൂല ജീവനക്കാരുടെ പ്രതിഷേധം
text_fieldsവാഷിംങ്ടൺ: ഇസ്രായേൽ സൈന്യത്തിന് ഇന്റലിജൻസ് സാങ്കേതികവിദ്യ നൽകുന്ന സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതിഷേധിച്ച് കമ്പനിയുടെ ജീവനക്കാർ. വെള്ളിയാഴ്ച കമ്പനിയുടെ 50-ാം വാർഷികാഘോഷത്തിനിടെയാണ് മൈക്രോസോഫ്റ്റ് ജീവനക്കാർ രംഗത്തുവന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സും മുൻ സി.ഇ.ഒ സ്റ്റീവ് ബാൽമറും ഉൾപ്പെടുന്ന സദസ്സിനു മുമ്പാകെയായിരുന്നു ഇത്.
മൈക്രോസോഫ്റ്റ് എ.ഐ സി.ഇ.ഒ മുസ്തഫ സുലൈമാൻ, കമ്പനിയുടെ എ.ഐ ഉൽപ്പന്നത്തെയും ദീർഘകാല എ.ഐ നയത്തെയും അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ‘മുസ്തഫ, താങ്കളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു’വെന്ന് ജീവനക്കാരിയായ ഇബ്തിഹാൽ അബൂസാദ് വിളിച്ചു പറഞ്ഞു. തുടർന്ന് സുലൈമാൻ തന്റെ പ്രസംഗം നിർത്തി.
‘എ.ഐ എന്നന്നേക്കുമായി ഉപയോഗിക്കുന്നതിൽ തൽപരരാണെന്ന് നിങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, മൈക്രോസോഫ്റ്റ് ഇസ്രായേൽ സൈന്യത്തിന് എ.ഐ ആയുധങ്ങൾ വിൽക്കുന്നു. അമ്പതിനായിരം പേർ ഇതിനകം (ഗസ്സയിൽ) മരിച്ചുവീണു. മൈക്രോസോഫ്റ്റ് ഈ വംശഹത്യക്ക് ശക്തി പകരുന്നു’വെന്നായിരുന്നു അബൂസാദിന്റെ വാക്കുകൾ.
‘നിങ്ങളുടെ പ്രതിഷേധത്തിന് നന്ദി. ഞാനിതു കേൾക്കുന്നു’ എന്ന സുലൈമാന്റെ പ്രതികരണത്തിനു പിന്നാലെ
സുലൈമാന്റെയും മൈക്രോസോഫ്റ്റിലെയും മുഴുവനും കൈകളിലും രക്തക്കറ പുരണ്ടിരിക്കുന്നുവെന്ന് അബൂസാദ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഫലസ്തീൻ ജനതക്കുള്ള പിന്തുണയുടെ പ്രതീകമായി മാറിയ കഫിയ സ്കാർഫും അവർ വേദിയിലേക്ക് എറിഞ്ഞു. തുടർന്ന് അവരെ പരിപാടിയിൽ നിന്ന് പുറത്താക്കി.
രണ്ടാമത്തെ പ്രതിഷേധക്കാരിയായ മൈക്രോസോഫ്റ്റ് ജീവനക്കാരി വാനിയ അഗർവാൾ, ഗേറ്റ്സും ബാൽമറും നിലവിലെ സി.ഇ.ഒ സത്യ നാദെല്ലയും വേദിയിലിക്കുന്ന ആഘോഷത്തിന്റെ മറ്റൊരു ഭാഗം തടസ്സപ്പെടുത്തി. 2014നു ശേഷം മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയിരുന്ന മൂന്ന് പുരുഷന്മാരുടെ ആദ്യ പൊതുസമ്മേളനമായിരുന്നു അത്.
ഗസ്സയിലും ലെബനാനിലും അടുത്തിടെ നടന്ന യുദ്ധങ്ങളിൽ ബോംബിങ്ങിനുള്ള ലക്ഷ്യ സ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് മൈക്രോസോഫ്റ്റിന്റെയും ഓപ്പൺ എ.ഐയുടെയും എ.ഐ മോഡലുകൾ ഉപയോഗിച്ചതായി ഈ വർഷം ആദ്യം അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. 2023 ൽ ഒരു ലെബനാൻ കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ തെറ്റായി ഇടിച്ചുകയറി മൂന്ന് പെൺകുട്ടികളെയും അവരുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയ ഇസ്രായേലി വ്യോമാക്രമണത്തിന്റെ വിശദാംശങ്ങളും അതിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ, കരാറുകളിൽ പ്രതിഷേധിച്ചതിന് അഞ്ച് മൈക്രോസോഫ്റ്റ് ജീവനക്കാരെ സി.ഇ.ഒ സത്യ നാദെല്ലയുമായുള്ള ഒരു യോഗത്തിൽനിന്ന് പുറത്താക്കുകയുണ്ടായി. എന്നാലത്, ആഭ്യന്തര പരിപാടിയായിരുന്നെങ്കിൽ വെള്ളിയാഴ്ചത്തെ പ്രതിഷേധം പൊതുജനങ്ങൾ അടങ്ങുന്ന സദസ്സിലായിരുന്നു. ചില ജീവനക്കാർ പരിപാടി നടക്കുന്നതിന് പുറത്തും അണിനിരന്നു.
‘എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കാൻ ഞങ്ങൾ നിരവധി മാർഗങ്ങൾ നൽകുന്നു’ വെന്ന മട്ടിലായിരുന്നു കമ്പനിയുടെ ഇതിനുശേഷമുള്ള പ്രസ്താവന. ‘പ്രധാനമായും ബിസിനസ്സ് തടസ്സപ്പെടാത്ത വിധത്തിൽ ഇത് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ പങ്കെടുക്കുന്നവരോട് സ്ഥലം മാറാൻ ഞങ്ങൾ ആവശ്യപ്പെടും. ഞങ്ങളുടെ ബിസിനസ് രീതികൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന മുന്നറിയിപ്പും കമ്പനി നൽകി.
പ്രതിഷേധിച്ചവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമോ എന്ന് പറയാൻ മൈക്രോസോഫ്റ്റ് വിസമ്മതിച്ചു. കമ്പനിയിൽനിന്ന് ഇതുവരെ അറിയിപ്പൊന്നുമില്ലെന്ന് അബൂസാദ് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രതിഷേധത്തെത്തുടർന്ന് തനിക്കും അഗർവാളിനും തങ്ങളുടെ തൊഴിൽ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടുവെന്നും ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും അവർ അറിയിച്ചു. ഇത് ഇരുവരെയും പിരിച്ചുവിടുന്നതിന്റെ സൂചനയായേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

