കൂട്ടുകക്ഷി സർക്കാറിൽ അതൃപ്തി; നവാസ് ശരീഫിനെ കാണാൻ ബിലാവൽ ലണ്ടനിൽ
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ (പി.പി.പി) ബിലാവൽ ഭുട്ടോ ലണ്ടനിൽ പാക് മുൻ പ്രസിഡന്റ് നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ പാക് രാഷ്ട്രീയ സാഹചര്യം ചർച്ചാവിഷയമാകും. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് ബിലാവൽ വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു. കൂട്ടുകക്ഷി സർക്കാറിൽ അതൃപ്തിയുള്ളതിനെ തുടർന്നാണ് ബിലാവൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ മുസ്‍ലിം ലീഗ്(എൻ), പി.പി.പി എന്നിവയാണ് കൂട്ടുകക്ഷി സർക്കാറിലെ പ്രധാന പാർട്ടികൾ. പാർട്ടികൾ തമ്മിലെ ഭിന്നതമൂലമാണ് സർക്കാർ രൂപവത്കരണം വൈകിയത്. പ്രധാനമായും പി.പി.പി.യാണ് ഇടഞ്ഞുനിൽക്കുന്നത്.
ബിലാവലിന്റെ അസാന്നിധ്യത്തിൽ ചൊവ്വാഴ്ച മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ പല കോണിൽനിന്നു സംശയം ഉയർന്നു. അതോടൊപ്പം അവാമി നാഷനൽ പാർട്ടി, ബലൂചിസ്താൻ നാഷനൽ പാർട്ടി-മെൻഗൽ എന്നിവയെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാത്തതിനെ കുറിച്ചും ബിലാവൽ നവാസ് ശരീഫുമായി ചർച്ച ചെയ്യും. കാര്യങ്ങൾ ശരിയായാൽ ബിലാവൽ മടങ്ങിയെത്തി വിദേശകാര്യമന്ത്രിയായി അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, വിദേശകാര്യ മന്ത്രിസ്ഥാനത്തേക്ക് മുൻ മന്ത്രി ഹിന റബ്ബാനിയെയും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.