Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബിഹാറിൽ നിന്ന്...

ബിഹാറിൽ നിന്ന് യു​.കെയുടെ കാബിനറ്റ് മന്ത്രിയിലേക്ക്... ആദ്യ എ.ഐ മന്ത്രിയായി കനിഷ്‍ക നാരായൺ

text_fields
bookmark_border
Kanishka Narayan
cancel
camera_alt

കനിഷ്‍ക നാരായൺ

ലണ്ടൻ: ബിഹാറിൽ ജനിച്ച ഇന്ത്യൻ വംശജൻ ഇനി യു.കെയുടെ ആദ്യത്തെ കാബിനറ്റ് പദവിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി. പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് കനിഷ്ക നാരായണിന് പുതിയ ചുമതല ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രത്യേക കാബിനറ്റ് പ്രാതിനിധ്യം നൽകുന്ന യു.കെയുടെ ആദ്യ നീക്കമാണിത്. രാജ്യത്തിന്റെ എ.ഐ നയം, നവീകരണം, സുരക്ഷ, വ്യവസായ വികസനം എന്നിവ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കും. ആഗോള എ.ഐ മത്സരത്തിൽ യു.കെയെ മുന്നിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

എ.ഐയുടെ ഭാവി നിർണയിക്കുന്നതിൽ ബ്രിട്ടന്റെ പങ്ക് ഉറപ്പാക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് നിയമനത്തിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി. ‘രാജ്യങ്ങൾ എ.ഐയെ രൂപപ്പെടുത്തണമോ, അതോ എ.ഐ രാജ്യങ്ങളെ രൂപപ്പെടുത്തണമോ എന്ന് തീരുമാനിക്കാൻ വളരെ ചെറിയൊരു സമയമാണ് മുന്നിലുള്ളത്. ബ്രിട്ടൻ ഇപ്പോൾ ആ നിർണായക ഘട്ടത്തിലാണ്’ കനിഷ്‍ക നാരായൺ എക്‌സിൽ കുറിച്ചു.

1989ൽ ബിഹാറിലെ മുസാഫർപൂരിലാണ് കനിഷ്ക നാരായണിന്റെ ജനനം. 12-ാം വയസ്സിൽ കുടുംബത്തോടൊപ്പം വെയിൽസിലെ കാർഡിഫിലേക്ക് കുടിയേറി. തുടർന്ന് ഇറ്റൺ കോളജിലും ഓക്സ്ഫഡ് സർവകലാശാലയിലും പഠിച്ച അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എ നേടി. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് ധനകാര്യ, സാങ്കേതിക, പൊതുനയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് സർക്കാരിൽ സാമ്പത്തിക വിദഗ്ധനായും മുതിർന്ന ഉപദേശകനായും സേവനം അനുഷ്‍ഠിച്ച അദ്ദേഹം മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടന്റെ പരിസ്ഥിതി പദ്ധതിയുടെ രൂപീകരണത്തിലും പങ്കാളിയായി. 2024ലാണ് അദ്ദേഹം വെയിൽസിലെ വെയിൽ ഓഫ് ഗ്ലാമോർഗൻ മണ്ഡലത്തിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് കനിഷ്‍ക നാരായൺ പാർലമെന്റിലെത്തിയത്.

ബ്രിട്ടനിലെത്തിയ ശേഷം മാതാപിതാക്കൾ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് കനിഷ്‍ക നാരായൺ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തിലുള്ള ജോലികളും രാത്രികാല ജോലികളും ചെയ്യേണ്ടിവന്ന അവരുടെ അനുഭവങ്ങൾ സാമൂഹിക അവസരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഗൂഗ്ൾ ഡീപ്മൈൻഡിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ഡെമിസ് ഹസാബിസ് ഈ നിയമനത്തെ സ്വാഗതം ചെയ്തു. ‘യു.കെക്ക് മികച്ച വാർത്ത’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കനിഷ്ക നാരായണന് അഭിനന്ദനങ്ങൾ അറിയിക്കുകയും യു.കെയുടെ എ.ഐ രംഗത്തിന് ഇത് നിർണായക മുന്നേറ്റമാണ് ഇതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukBiharArtificial IntelligenceAndy Burnham
News Summary - Bihar Born Man Is UKs First AI Minister
Next Story