ബലൂചിസ്താനിൽ സ്ഫോടനം; 14 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു -വിഡിയോ
text_fieldsഇസ്‌ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ബോലൻ, കെച്ച് മേഖലകളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിനു നേരെയുണ്ടായ ഐ.ഇ.ഡി ആക്രമണത്തിൽ 12 പേരും ബോംബാക്രമണത്തിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു.
ബോലനിലെ ശോർഖണ്ഡിലാണ് റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകർത്തത്. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ ബി.എൽ.എ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കെച്ചിലെ കുലാഗ് തിഗ്രാനിൽ പതിവ് പരിശോധനകൾക്കെത്തിയ സൈനിക സംഘത്തെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇതിൽ രണ്ടു സൈനികർക്ക് ജീവൻ നഷ്ടമായി.
പാകിസ്താൻ സൈനികർ ചൈനയുടെ താൽപര്യപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ബി.എൽ.എ ആരോപിക്കുന്നു. ബലൂചിസ്താനിൽനിന്ന് പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്ന ഭരണാധികാരികൾ മേഖലയുടെ വികസനത്തിന് യാതൊന്നും ചെയ്യുന്നില്ലെന്നും ബി.എൽ.എ വിമർശിക്കുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ നിരവധി പാക് സൈനികർക്കാണ് മേഖലയിൽ ജീവൻ നഷ്ടമായത്. മാർച്ചിൽ 400ലേറെ യാത്രക്കാരുമായെത്തിയ ട്രെയിൻ ബി.എൽ.എ പിടിച്ചെടുത്തിരുന്നു.
ഇന്ത്യയുമായി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്താൻ സൈന്യത്തിന് രാജ്യത്തിനകത്തുനിന്ന് തിരിച്ചടി നേരിടുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ഭീകരകേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതിനു പിന്നാലെ അതിർത്തിയിൽ പാകിസ്താൻ ഷെല്ലാക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. കടുത്ത ആക്രമണമുണ്ടായാൽ സംഘർഷം യുദ്ധത്തിനു വഴിവെച്ചേക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

