ടോകിയോ: ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്തി തെളിയിച്ച് ചൈന കരുത്തുകാട്ടുന്നത് ശക്തമായി വരുന്ന സാഹചര്യത്തിൽ അയൽരാജ്യമായ ജപ്പാനെ 'സഹായിക്കാൻ' യു.എസ്. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ് പസഫിക്കിൽ അമേരിക്കൻ സാന്നിധ്യം ശക്തമാക്കാൻ തീരുമാനം. പ്രസിഡന്‍റ് ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു വിദേശ പ്രതിനിധി വൈറ്റ്ഹൗസിലെത്തുന്നത്.
കോവിഡ്, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്പിക്സ്, ഉത്തര കൊറിയ, സിൻജിയാങ്, തായ്വാൻ തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചർച്ച ചെയ്തു.
ദക്ഷിണ ചൈന കടലിലും പസഫിക് മേഖലയിലും ശക്തിയുപയോഗിച്ച് തത്സ്ഥിതിയിൽ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന് ഉച്ചകോടിക്കു ശേഷം ജപ്പാൻ പ്രധാനമന്ത്രി സുഗ പറഞ്ഞു. വിഷയത്തിൽ ചൈനയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

