തിംഫു: ആദ്യമായി രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍. ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്.
കോവിഡ് ബാധിതരെ കണ്ടെത്താനും രോഗവ്യാപനം തടയാനും 5 മുതല്‍ 21 ദിവസം വരെയായിരിക്കും ലോക്ഡൗണ്‍ എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌കൂളുകളും ഓഫീസുകളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.
വിദേശത്തുനിന്ന് ഭൂട്ടാനിലെത്തിയ 27കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം.
നേരത്തെ രാജ്യത്തെത്തിയ ഒരു അമേരിക്കന്‍ സഞ്ചാരി കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായതോടെ മാര്‍ച്ചില്‍ ഭൂട്ടാന്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു.