പ്രസിഡന്‍റിന് യുദ്ധം തീരുമാനിക്കാനുള്ള അധികാരമില്ല, ഇറാനെ ആക്രമിച്ച ട്രംപിന്‍റെ നടപടി തികച്ചും ഭരണഘടനാവിരുദ്ധം -ബേണി സാൻഡേഴ്സ്
text_fieldsവാഷിങ്ടൺ ഡി.സി: ഇറാനെ ആക്രമിച്ച യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടി തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ്.
ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധത്തിൽ അണിചേർന്നത് ആശങ്കപ്പെടുത്തുന്ന കാര്യം മാത്രമല്ല, അങ്ങേയറ്റം ഭരണഘടനാ വിരുദ്ധവുമാണ്. യു.എസ് ഒരു യുദ്ധത്തിലേക്ക് പോകണമോയെന്ന് തീരുമാനിക്കാനുള്ള ഒരേയൊരു അധികാരം യു.എസ് കോൺഗ്രസിന് മാത്രമാണ്. പ്രസിഡന്‍റിന് യുദ്ധം തീരുമാനിക്കാനുള്ള അധികാരമില്ല -സാൻഡേഴ്സ് പറഞ്ഞു.
ഓക്ലഹോമയിൽ ഒരു പൊതുപരിപാടിക്കിടെ, ഇറാനെ ആക്രമിച്ചതായുള്ള ട്രംപിന്‍റെ പ്രസ്താവന സാൻഡേഴ്സ് വായിക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടം 'നോ മോർ വാർ' (ഇനിയൊരു യുദ്ധം വേണ്ട) എന്ന് മുദ്രാവാക്യമുയർത്തി.
ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെർമോണ്ടിൽ നിന്നുള്ള സ്വതന്ത്ര സെനറ്ററായ ബേണി സാൻഡേഴ്സ് നേരത്തെ, ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്‍റ് ട്രംപിനെ തടയുന്നതിനായി ബിൽ അവതരിപ്പിച്ചിരുന്നു. സാൻഡേഴ്സിന്‍റെ 'നോ വാർ എഗയിൻസ്റ്റ് ഇറാൻ ആക്ട്' ഫെഡറൽ ഫണ്ടുകൾ യു.എസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.
ഇസ്രായേലിന്‍റെ യുദ്ധവെറിക്ക് യു.എസും പിന്തുണ നൽകി അണിനിരക്കുന്നതിൽ നിരന്തരം വിമർശം സാൻഡേഴ്സ് ഉയർത്തിയിരുന്നു. നെതന്യാഹു അല്ല യു.എസ് പ്രസിഡന്‍റെന്നും യു.എസിന്‍റെ വിദേശ, സൈനിക നയങ്ങൾ നെതന്യാഹു തീരുമാനിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

