ഖത്തർ ‘കാൻസറാ’ണെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി; ഐ.സി.സി കേസുകൾക്ക് പിന്നിൽ പ്രവർത്തിച്ചെന്നും നഫ്താലി ബെന്നറ്റ്
text_fieldsജെറുസലേം: ഖത്തറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഖത്തർ കാൻസറാണെന്നും ഇസ്രായേൽ നേതാക്കൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടികൾ സ്വീകരിച്ചതിന് പിന്നിൽ ഖത്തറാണെന്നും ബെന്നറ്റ് ആരോപിച്ചു. ഒരു ഇസ്രായേൽ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ബെന്നറ്റിന്റെ പുതിയ ആരോപണങ്ങൾ. എന്നാൽ തന്റെ ആരോപണങ്ങൾക്ക് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല. മുൻ ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാനെ ഖത്തർ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ബെന്നറ്റ് ആരോപിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ 2024ൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് കരീം ഖാനായിരുന്നു. ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങളും മനുഷ്യവിരുദ്ധ അതിക്രമങ്ങളും നടത്തിയെന്ന ആരോപണങ്ങളിലായിരുന്നു ഐ.സി.സി പ്രോസിക്യൂട്ടറുടെ നടപടി. പാശ്ചാത്യ സഖ്യകക്ഷിയായ ഒരു രാജ്യത്തിന്റെ അധികാരത്തിലിരിക്കുന്ന നേതാക്കൾക്കെതിരെ ഐ.സി.സി ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിരുന്നു. ഇതിന് പിന്നാലെ അമേരിക്ക കരീം ഖാനെതിരെയും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടിമാർക്കെതിരെയും എട്ട് ഐ.സി.സി ജഡ്ജിമാർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, ഇസ്രായേലിൽ ബെന്നറ്റിന്റെ രാഷ്ട്രീയ പിന്തുണയിൽ വലിയ കുറവുണ്ടാതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച പുറത്തുവന്ന ഒരു സർവേ പ്രകാരം ബെന്നറ്റിന്റെ ടുഗെതർ പാർട്ടിക്ക് രണ്ട് സീറ്റുകളുടെ കൂടി നഷ്ടമുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തർ ഇപ്പോൾ ഇറാനേക്കാൾ ഇസ്രായേലിന് കൂടുതൽ അപകടകാരിയായ ശത്രുവാണെന്ന് ബെനറ്റ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഖത്തറിനെ ഔദ്യോഗികമായി ‘ശത്രുരാജ്യ’മായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഇസ്രായേൽ ചാനൽ 12ന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബെനറ്റ് ഖത്തറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

