'ഗസ്സയിൽ നിന്ന് 18.6 ലക്ഷം ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റും'; പദ്ധതി പ്രഖ്യാപിച്ച് ബെൻ-ഗ്വിർ
text_fieldsഇറ്റാമർ ബെൻ-ഗ്വിർ
തെൽ അവീവ്: ഗസ്സ മുനമ്പിൽ നിന്ന് ഏഴ് വർഷത്തിനുള്ളിൽ ഏകദേശം 18.6 ലക്ഷം ഫലസ്തീനികളെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയുമായി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ രംഗത്ത്. 'ഡിസെൻഗേജ്‌മെന്റ് 710' (Disengagement 710) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 'സ്വമേധയാ ഉള്ള കുടിയേറ്റം' എന്ന പേരിൽ ഫലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനാണ് തീവ്ര വലതുപക്ഷ പാർട്ടിയായ ജ്യൂവിഷ് പവർ നേതാവ് കൂടിയായ ബെൻ-ഗ്വിറിന്റെ നീക്കം. ഇസ്രായേലി പത്രമായ യെഡിയോത്ത് അഹ്‌റോനോത്താണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പദ്ധതി പ്രകാരം ആദ്യ വർഷത്തിൽ തന്നെ 250,000 ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് 1.11 ദശലക്ഷമായും ഏഴ് വർഷത്തിനുള്ളിൽ 1.86 ദശലക്ഷമായും ഉയർത്തുമെന്നും പദ്ധതിയിൽ പറയുന്നു. നിലവിൽ ഗസ്സയിൽ ഏകദേശം രണ്ട് ദശലക്ഷത്തോളം ഫലസ്തീനികളാണ് വസിക്കുന്നത്. ഫലസ്തീനികളെ സ്വീകരിക്കാൻ പല രാജ്യങ്ങളും തയ്യാറാണെന്നും ഗസ്സയിലെ നിരവധി പേർക്ക് അവിടം വിട്ടുപോകാൻ ആഗ്രഹമുണ്ടെന്നുമാണ് ബെൻ-ഗ്വിർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ ഫലസ്തീനികളെ വലിയ തോതിൽ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇതുവരെ ഒരു രാജ്യവും മുന്നോട്ടുവന്നിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യാതൊരുവിധ പ്ലാനുകളുമില്ലാതെ ആരെയും പറഞ്ഞുവിടില്ലെന്നും കുടുംബങ്ങളെ ഒരുമിച്ച് നിർത്തുമെന്നുമാണ് ബെൻ-ഗ്വിറിന്റെ വാദം. കുടിയേറുന്നവർക്ക് രണ്ട് വർഷത്തേക്ക് പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ സഹായം എന്നിവ നൽകുമെന്നും പദ്ധതിയിലുണ്ട്. ഇതിനായി തുടക്കത്തിൽ 1,000 കോടി ഷെക്കൽ (ഏകദേശം 310 കോടി യു.എസ് ഡോളർ) നിക്ഷേപം ആവശ്യമാണെന്നും, അന്താരാഷ്ട്ര സഹകരണത്തോടെ പദ്ധതിയുടെ ആകെ ചെലവ് 5,000 കോടി ഷെക്കൽ (ഏകദേശം 1,560 കോടി ഡോളർ) വരെയാകാമെന്നും കണക്കാക്കുന്നു. വിസ, യാത്ര, താമസ സൗകര്യം, തൊഴിൽ പരിശീലനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യസർക്കാർ രൂപീകരണത്തിൽ ഈ പദ്ധതിയും പുതിയ 'കുടിയേറ്റ മന്ത്രാലയം' രൂപീകരിക്കുകയെന്ന ആവശ്യവും പ്രധാന ഉപാധിയാക്കാനാണ് ബെൻ-ഗ്വിറിന്റെ തീരുമാനം.
എന്നാൽ ഫലസ്തീനികളെ കൂട്ടത്തോടെ സ്വീകരിക്കാൻ തയ്യാറുള്ള രാജ്യങ്ങളെ കണ്ടെത്തുകയെന്നതാണ് പദ്ധതിക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിബന്ധം. ഗസ്സയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഇത്തരം കുടിയൊഴിപ്പിക്കൽ പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

