അഞ്ചുമക്കളെ കഴുത്തറുത്ത് കൊന്ന ബെൽജിയൻ മാതാവിന് 16 വർഷത്തിനു ശേഷം ദയാവധം
text_fieldsബ്രസൽസ്: ബെൽജിയത്ത് അഞ്ചു മക്കളെ കൊലപ്പെടുത്തിയ മാതാവിനെ ദയാവധം നടത്തി. അമ്മയുടെ അഭ്യർഥനയനുസരിച്ചാണ് കൊലപാതകങ്ങൾ നടന്ന് 16 വർഷത്തിനു ശേഷം അവരുടെ ദയാവധം നടത്തിയത്.
2007 ഫെബ്രുവരി 28നാണ് രാജ്യത്തെ നടുക്കിയ സംഭവം. 56കാരിയായ ജെനവീവ് ഹെർമിറ്റെയാണ് മൂന്നിനും 14നുമിടെ പ്രായമുള്ള മകനെയും നാലു പെൺമക്കളെയും കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഹെർമിറ്റെ ഈ അരുംകൊല നടത്തിയത്. പിന്നീട് സ്വയം കുത്തി ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഹെർമിറ്റെ എമർജൻസി സർവീസിനെ വിളിക്കുകയായിരുന്നു.
2008ൽ ജീവപര്യന്തം തടവിനാണ് ഹെർമിറ്റെയെ ശിക്ഷിച്ചത്. 2019ൽ ഇവരെ സൈക്യാട്രിക് ആശുപത്രിയിലേക്ക് മാറ്റി. ബെൽജിയം നിയമമനുസരിച്ച് ഒരിക്കലും സുഖപ്പെടുത്താൻ കഴിയാത്ത മാനസികാസ്വാസ്ഥ്യം ബാധിച്ച ആളുകൾക്ക് ദയാവധം സ്വീകരിക്കാം. കുട്ടികളോടുള്ള ആദരസൂചകമായാണ് ഹെർമിറ്റെ ദയാവധം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സൈക്കോളജിസ്റ്റ് എമിലി മാരിയറ്റ് പറയുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയപ്പോൾ തന്നെ ഹെർമിറ്റെ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായും അത് പരാജയപ്പെടുകയായിരുന്നുവെന്നും മാരിയറ്റ് വ്യക്തമാക്കി. തന്റെ കക്ഷി മാനസികാസ്വാസ്ഥ്യം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു ഹെർമിറ്റെ എന്നും പതിവായി ചികിത്സ തേടിയിരുന്നുവെന്നും അതിനാൽ ജയിലിലേക്ക് അയക്കരുതെന്നും ഹെർമിറ്റെയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ കുറ്റം തെളിഞ്ഞതോടെ ജഡ്ജി ഇവർക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

