ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ചു; രാജിവെച്ച് ബി.ബി.സി ഡയറക്ടർ ജനറലും ന്യൂസ് ചീഫ് എക്സിക്യൂട്ടീവും
text_fieldsലണ്ടൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെ ബി.ബി.സി തലപ്പത്ത് രാജി. ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസുമാണ് രാജിവെച്ചത്.
വിഷയത്തിൽ ബി.ബി.സിക്കുള്ളിലെ മെമ്മോ ബി.ബി.സി എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റി മുൻ ഉപദേഷ്ടാവ് മൈക്കൽ പ്രെസ്കോട്ടിൽനിന്ന് ചോർന്ന് ദി ടെലിഗ്രാഫ് വാർത്തയാക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ വർഷമാണ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ബി.ബി.സി പനോരമ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ട്രംപിന്‍റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയർന്നത്. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ആരോപണം. ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയിൽ ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണമുയർന്നത്.
ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ടിം ഡേവി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം ഏറെ സ്നേഹിക്കുന്ന ബി.ബി.സി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, സമീപകാലത്തായി ബി.ബി.സി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങൾ തെറ്റാണെന്നും ഡെബോറ ടർണസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

