ഭാവി പ്രവർത്തനങ്ങൾ സുഗമമാക്കാൻ ബിബിസി; 2000 ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം
text_fieldsലണ്ടൻ: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി വൻ തോതിലുള്ള തൊഴിൽ വെട്ടിക്കുറക്കലിന് ഒരുങ്ങുകയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസി. ഏകദേശം 2000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇത് ബിബിസിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 10 ശതമാനത്തോളം വരും. സർക്കാരുമായുള്ള വരാനിരിക്കുന്ന ഫണ്ടിംഗ് ചർച്ചകൾക്ക് മുന്നോടിയായും നിലനിൽക്കുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ കണക്കിലെടുത്തുമാണ് നടപടി. ബിബിസിക്ക് ലോകമെമ്പാടുമായി 20000ത്തിലധികം ജീവനക്കാരുണ്ട്.
ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ബിബിസിയുടെ വാർത്താ വിഭാഗത്തിലായിരിക്കും പിരിച്ചുവിടലിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ടെലിവിഷൻ, റേഡിയോ, ഓൺലൈൻ പോർട്ടലുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള വാർത്താ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 ദശലക്ഷം പൗണ്ട് ചെലവ് കുറക്കുക എന്നതാണ് ബിബിസിയുടെ തീരുമാനം. പ്രേക്ഷകരുടെ അഭിരുചികളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനരീതികൾ പരിഷ്കരിക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം. യാത്രകൾ, റിക്രൂട്ട്മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയുടെ ചെലവുകൾ ബിബിസി ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്.
ബിബിസിയുടെ ഭാവി സുരക്ഷിതമാക്കാൻ കടുപ്പമേറിയതും എന്നാൽ ജനപ്രിയമല്ലാത്തതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമെന്ന് ബിബിസി ഡയറക്ടർ ജനറൽ മാറ്റ് ബ്രിട്ടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാർത്താ വിഭാഗം, റേഡിയോ തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇത് പ്രേക്ഷകർക്കും ശ്രദ്ധിക്കാനാകുമെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
നിലവിൽ ആഗോളതലത്തിൽ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ ഇത്തരത്തിൽ ലേ ഓഫിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാനും കമ്പനിയെ കൂടുകൽ അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ട്. മെറ്റ, ഐകിയ, സ്റ്റാർബക്സ്, ക്ലൗഡ്ഫ്ലെയർ തുടങ്ങിയ വൻകിട സ്ഥാപനങ്ങളെല്ലാം സമാനമായ രീതിയിൽ വലിയ തോതിൽ പിരിച്ചുവിടലുകൾ നടപ്പിലാക്കി വരികയാണ്. ഈ പിരിച്ചുവിടൽ നടപടികൾ ബിബിസിയുടെ ഭാവിയിലെ പ്രവർത്തനങ്ങളെയും മാധ്യമപ്രവർത്തനത്തിന്റെ സ്വഭാവത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ മാധ്യമലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

