നഷ്ടപരിഹാരം നൽകാനാവില്ല; ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ മാപ്പുപറഞ്ഞ് ബി.ബി.സി
text_fieldsലണ്ടൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെ ക്ഷമാപണവുമായി ബി.ബി.സി ചെയർമാൻ സമീർ ഷാ. എന്നാൽ ചാനലിന് നേരെ ചുമത്തിയ അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ബി.ബി.സി തള്ളി.
വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയിൽ ബി.ബി.സി ആത്മാർഥമായി ഖേദിക്കുന്നുണ്ടെങ്കിലും മാനനഷ്ട അവകാശവാദത്തിന് അടിസ്ഥാനമുണ്ടെന്നതിനോട് ഞങ്ങൾ ശക്തമായി വിയോജിക്കുന്നു എന്നാണ് കത്തിൽ പറഞ്ഞത്. കൂടാതെ തങ്ങളുടെ ഏതെങ്കിലും പ്ലാറ്റ്‌ഫോമുകളിൽ ഡോക്യുമെന്ററി പുനഃസംപ്രേഷണം ചെയ്യാൻ പദ്ധതിയില്ലെന്നും ബി.ബി.സി കൂട്ടിച്ചേർത്തു.
ഡോക്യുമെന്ററി പിൻവലിക്കുകയും ട്രംപിനോട് ക്ഷമാപണം നടത്തുകയും സാമ്പത്തികവും പ്രശസ്തിക്കുമുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ ബി.ബി.സിക്കെതിരെ ഒരു ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം നൽകുമെന്ന് യു.എസ് പ്രസിഡന്റിന്റെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം ബി.ബി.സി ക്കെതിരെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ നിയമോപദേശകർ അറിയിച്ചു. നേരത്തെ വൈറ്റ് ഹൗസ് ഉന്നയിച്ച വാദത്തെ തള്ളിക്കൊണ്ടാണ് അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്.
അതിനിടെ ട്രംപിന്‍റെ പുറത്തുള്ള നിയമോപദേശകർ കേസ് ഫയൽ ചെയ്തു എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ സ്ഥിരീകരണം തേടിയുള്ള ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ബി.സിക്ക് കത്തിന് മറുപടി നൽകാൻ നവംബർ 14 വരെ സമയം നൽകിയിട്ടുണ്ടെന്നും ട്രംപിന്‍റെ നിയമസംഘത്തിലെ വക്താവ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ബി.ബി.സി പനോരമ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ട്രംപിന്‍റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയർന്നത്. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ബി.ബി.സിക്കെതിരെ ഉയർന്ന ആരോപണം. ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയിൽ ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

